
യൂത്ത് കോൺഗ്രസ് നേതാവിനെ സ്റ്റേഷനിൽ മർദിച്ച സംഭവം; പൊലീസുകാർക്കെതിരേ കേസെടുക്കണമെന്ന് കോടതി
file image
തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനിൽ വച്ച് മർദിച്ച സംഭവത്തിൽ പൊലീസ് ഉദ‍്യോഗസ്ഥർക്കെതിരേ കേസെടുക്കണമെന്ന് കോടതി. കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉദ‍്യോഗസ്ഥർക്കെതിരേ കേസെടുക്കാൻ നിർദേശം നൽകിയത്. കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്റ്റർ ഉൾപ്പെടെയുള്ള നാലുപേരാണ് കേസിലെ പ്രതികൾ.
2023 ഏപ്രിൽ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. കോൺഗ്രസ് നേതാവായ സുജിത്തും പൊലീസ് ഉദ‍്യോഗസ്ഥരും തമ്മിൽ ചൊവ്വന്നൂരിൽ വച്ച് തർക്കമുണ്ടായിരുന്നു. ഇതേത്തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിച്ച് സുജിത്തിനെതിരേ കള്ളക്കേസ് ചുമത്തിയിരുന്നു.
മദ‍്യപിച്ച് ബഹളം വച്ചന്നൊയിരുന്നു കേസ് ചുമത്തിയത്. എന്നാൽ വൈദ‍്യപരിശോധനയിൽ മദ‍്യപിച്ചിട്ടില്ലെന്ന് ബോധ‍്യമായതോടെ സുജിത്തിന് കോടതി ജാമ‍്യം അനുവദിച്ചു.
അന്ന് സുജിത്തിന്‍റെ പരാതിയെത്തുടർന്ന് മനുഷ‍്യാവകാശ കമ്മിഷൻ വിഷയത്തിൽ ഇടപ്പെട്ടിരുന്നു. സ്റ്റേഷനിലെ സിസിടിവി ദൃശ‍്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഉദ‍്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാൻ കാരണമായത്.