
വി.എസ്. സുജിത്ത്
തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വച്ച് മർദിച്ച സംഭവത്തിൽ പ്രതിഷേധം. കേസിൽ പ്രതി ചേർക്കപ്പെട്ട പൊലീസ് ഉദ‍്യോഗസ്ഥന്‍റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാടക്കത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.
തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന സജീവന്‍റെ വീട്ടിലേക്കാണ് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്. കേസിൽ പ്രതി ചേർക്കപ്പെട്ട നാലു ഉദ‍്യോഗസ്ഥരുടെയും ചിത്രങ്ങൾ പതിപ്പിച്ച പോസ്റ്ററുകളുമായിട്ടായിരുന്നു കോൺഗ്രസ് പ്രവർത്തകർ സജീവന്‍റെ വീട്ടിലേക്കെത്തിയത്. ഇതേത്തുടർന്ന് സജീവന്‍റെ വീടിന് പൊലീസ് കാവൽ ഒരുക്കിയിട്ടുണ്ട്.
കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരുന്നു. കേസ് ഒതുക്കി തീർക്കാൻ പൊലീസ് ഉദ‍്യോഗസ്ഥർ പണം വാഗ്ദാനം ചെയ്തതായും അന്ന് പൊലീസ് ഡ്രൈവറായിരുന്ന സുഹൈർ തന്നെ മർദിച്ചതായും ഇയാൾക്കെതിരേ ഇതുവരെ കേസെടുത്തിട്ടില്ലെന്നും സുജിത്ത് മാധ‍്യമങ്ങളോട് പറഞ്ഞു. തന്നെ മർദിച്ച 5 പേർക്കെതിരേയും നടപടി സ്വീകരിക്കണമെന്നാണ് സുജിത്തിന്‍റെ ആവശ‍്യം.
2023 ഏപ്രിൽ അഞ്ചിനായിരുന്നു സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വച്ച് മർദിക്കുകയും പരുക്കേൽപ്പിക്കുകയും ചെയ്തത്. ചൊവ്വന്നൂരിൽ വഴിയരികിൽ നിൽകുകയായിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ടത് ചോദ‍്യം ചെയ്തതിനായിരുന്നു സുജിത്തിന് മർദനമേറ്റത്.