
"തോളിൽ കൈയിട്ടു നടന്നവന്‍റെ കുത്തിന് ആഴമേറും''; യൂത്ത് കോൺഗ്രസിൽ പരസ്യപ്പോര്
തിരുവനന്തപുരം: തമ്മിലടി രൂക്ഷമായതിനു പിന്നാലെ യൂത്ത് കോൺഗ്രസിന്‍റെ വാട്സാപ്പ് ഗ്രൂപ്പിൽ നിയന്ത്രണം ഏർപ്പെടുത്തി അഡ്മിൻ. രാഹുൽ മാങ്കൂട്ടത്തിലിനെയും അബിൻ വർക്കിയെയും അനുകൂലിക്കുന്നവർ തമ്മിൽ പോര് മുറുകിയതോടെയാണ് ഗ്രൂപ്പിൽ സന്ദേശമയക്കുന്നത് അഡ്മിൻസ് ഓൺലി ആക്കി മാറ്റിയത്.
അടുത്ത അധ്യക്ഷനെ ചൊല്ലിയാണ് തർക്കം ആരംഭിച്ചത്. അബിൻ വർക്കിയുടെ പേരാണ് കൂട്ടത്തിൽ ഏറ്റവുമധികം ഉയർന്നു കേൾക്കുന്നത്. രാഹുലുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അബിൻ വർക്കിക്ക് പങ്കുണ്ടെന്നതരത്തിലാണ് ഗ്രൂപ്പിൽ കമന്‍റുകളെത്തിയത്. രാഹുൽ പക്ഷത്തുള്ളവർ അബിൻ വർക്കിയെ ബാഹുബലിക്കൊപ്പമുള്ള കട്ടപ്പയെന്ന് വിശേഷിപ്പിച്ചു. തോളിൽ കൈയിട്ടു നടന്നവന്‍റെ കുത്തിന് ആഴമേറും എന്ന കുറിപ്പും ഇതിനൊപ്പം ചേർത്തിട്ടുണ്ട്. പിന്നിൽ നിന്നും കുത്തിയ ഒരാൾ നേതൃ സ്ഥാനത്തേക്ക് വരാൻ അനുവദിക്കില്ലെന്ന് ഇതിനു മറുപടികളെത്തി.
ചതിയുടെ മുഖ്യ ആയുധം അവന്‍റെ കള്ളച്ചിരിയാണെന്നും കസേര സ്വപ്നം കാണുന്ന ഒറ്റുകാരെ അടുപ്പിക്കില്ലെന്നുമൊക്കെ കമന്‍റുകളെത്തി. 'ഒറ്റുകാർ ശത്രുക്കളല്ലെന്നതാണ് ഏറ്റവും വിഷമകരമായ കാര്യം', 'ആട്ടിൻ തോലിന് പകരം പച്ച തത്തയുടെ കുപ്പായമിട്ട ചെന്നായ', 'പ്രസിഡന്‍റിനെ കൊത്തി പറിക്കാൻ ഇട്ടുകൊടുത്തിട്ട് കസേര സ്വപ്നം കാണുന്ന ഒറ്റുകാരോട് ഒരു കാര്യം, ആ പൂതി മനസിൽ വെച്ചാൽ മതി'- ഇങ്ങനെ നീളുന്നു കമന്‍റുകൾ.