മനോജ് മദ്യപിച്ചിരുന്നു, ലൈസൻസും ഇല്ല: ആരോപണങ്ങളുമായി പോലീസ്

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് റോഡിനു കുറുകെ കെട്ടിയ കയറിൽ കുരുങ്ങി യുവാവ് മരിച്ച സംഭവം
മനോജ്
മനോജ്
Updated on

കൊച്ചി: ട്രാഫിക് നിയന്ത്രിക്കാൻ റോഡിനു കുറുകെ കെട്ടിയ കയർ സ്കൂട്ടർ യാത്രക്കാരന്‍റെ ജീവനെടുത്ത സംഭവത്തിൽ ആരോപണങ്ങളുമായി പോലീസ് രംഗത്ത്. അപകടത്തിൽ മരിച്ചയാൾ മദ്യപിച്ചിരുന്നെന്ന് പോലീസ് ആരോപിക്കുന്നു. കൂട്ടുകാർക്കൊപ്പം മദ്യപിക്കവെ അമ്മ വിളിച്ചപ്പോൾ പോയതാണെന്നും പൊലീസ് പറഞ്ഞു. കൂടാതെ മരിച്ച മനോജ് ഉണ്ണിക്ക് ലൈസൻസില്ലെന്ന് സ്ഥിരീകരിച്ചതായും പോലീസ് പറഞ്ഞു. എസ്എ റോഡിൽ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയർ കെട്ടിയിരുന്നത്. തങ്ങൾ കൈ കാണിച്ചിട്ടും മനോജ് നിർത്താതെ പോകുകയായിരുന്നെന്ന് പോലീസ് ആരോപിച്ചു.

എന്നാൽ പോലീസ് റോഡിന്‍റെ വശങ്ങളിലാണ് നിന്നിരുന്നതെന്ന് മനോജ് ഉണ്ണിയുടെ സഹോദരി ചൂണ്ടിക്കാട്ടി. കുറുകെയാണ് കയർ കെട്ടിയിരുന്നത്. ഈ മെലിഞ്ഞ കയർ രാത്രിയിൽ കാണാൻ സാധിക്കുമായിരുന്നില്ല. രാത്രിയിലും രാവിലെ വരെയും തെരുവു വിളക്കുകൾ കത്തിയിരുന്നില്ല. കയർ കാണാനായി അതിനുമേൽ ഒരു റിബ്ബണെങ്കിലും കെട്ടി വെക്കാമായിരുന്നു പോലീസിനെന്നും ചിപ്പി പറഞ്ഞു.

മനോജ് മദ്യപിച്ചിരുന്നെന്ന പോലീസിന്‍റെ ആരോപണവും സഹോദരി നിഷേധിച്ചു. രക്തത്തിൽ മദ്യത്തിന്‍റെ സാന്നിധ്യമില്ലെന്നാണ് ഡോക്ടർ പറഞ്ഞത്. മന്ത്രിമാരുടെ സുരക്ഷയ്ക്ക് എന്തുവേണമെങ്കിലും ഒരുക്കിക്കോട്ടെ. അതോടൊപ്പം ജനങ്ങളുടെ സുരക്ഷ കൂടി പരിഗണിക്കണമെന്നും ചിപ്പി പറഞ്ഞു.. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയൊരുക്കുന്നതിന്‍റെ ഭാഗമായി റോഡ് ബ്ലോക്ക് ചെയ്യാൻ കുറുകെ കയർ കെട്ടുകയായിരുന്നു പോലീസ്. പത്തുമണിയോടെ അപകടത്തിൽ പെട്ട മനോജ് രാത്രി ഒന്നരയോടെ മരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com