
കോഴിക്കോട് : പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ യുദ്ധവിരുദ്ധ റാലിക്കെതിരേ പൊലീസ് കേസ് എടുത്ത നടപടി അപലപനീയമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ്. ഇന്ത്യയുടെ പരമ്പരാഗത നയത്തിനെതിരായി ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച കേന്ദ്രവും പലസ്തീൻ ഐക്യദാർഢ്യത്തിനെതിരെ കേസെടുത്ത സംസ്ഥാന സർക്കാരും ഒരേ നിലപാടാണ് പിന്തുടരുന്നതെന്നും ഫിറോസ് ആരോപിച്ചു.
പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിലും ഇടത് സർക്കാരിന്റെ ഇരട്ടത്താപ്പ് വ്യക്തമായിരുന്നു. അന്ന് പ്രതിഷേധിച്ചവർക്കെതിരെയും പിണറായി സർക്കാർ എണ്ണൂറോളം കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. പലസ്തീൻ ഐക്യദാർഢ്യത്തിനെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന് വരുമെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
ഒക്ടോബർ 12നാണ് കോഴിക്കോട് മാനാഞ്ചിറയിൽ യൂത്ത് ലീഗ് റാലി സംഘടിപ്പിച്ചത്. കോഴിക്കോട് സിറ്റി പൊലീസാണ് കേസെടുത്തത്.