യഹൂദ സ്ഥാപനങ്ങളിൽ നിരീക്ഷണം നടത്തിയ യുവാവിനെ റിക്രൂട്ട് ചെയ്തത് ബിഷ്‌ണോയി സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാൾ; അന്വേഷണം

മുംബൈയിലെ നവി മുംബൈ സ്വദേശിയായ യാഷ് സിങ് (20) ആണ് അറസ്റ്റിലായത്
Lawrence Bishnoi

ലോറൻസ് ബിഷ്ണോയി

Updated on: 

തൃശൂർ: മുംബൈയിൽ യഹൂദ സ്ഥാപനങ്ങളിൽ നിരീക്ഷണം നടത്തിയെന്ന കേസിൽ അറസ്റ്റിലായ യുവാവിനെ റിക്രൂട്ട് ചെയ്തത് ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളെന്ന് പൊലീസ്. പാലക്കാട് ഒറ്റപ്പാലത്ത് നിന്ന് അടുത്തിടെ അറസ്റ്റിലായ വ്യക്തിയാണ് യുവാവിനെ റിക്രൂട്ട് ചെയ്തതെന്നാണ് പൊലീസ് വൃത്തങ്ങൾ തിങ്കളാഴ്ച അറിയിച്ചത്.

മുംബൈയിലെ നവി മുംബൈ സ്വദേശിയായ യാഷ് സിങ് (20) ആണ് അറസ്റ്റിലായത്. മുംബൈയിലെ ചബാദ് ഹൗസ് ഉൾപ്പെടെയുള്ള യഹൂദ സ്ഥാപനങ്ങളിൽ നിരീക്ഷണം നടത്തിയെന്നാരോപിച്ച് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയാണ് (എടിഎസ്) ഇയാളെ അറസ്റ്റ് ചെയ്തത്. പിന്നീട് തൃശൂർ സിറ്റി പൊലീസിന് കൈമാറിയ ഇയാളെ ഞായറാഴ്ച കേരളത്തിലെത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

യാഷ് സിങ്ങിന്‍റെ അറസ്റ്റിന് മുൻപ് നവി മുംബൈയിലെ ഭാരത് ഖണ്ഡിവേലി വെസ്റ്റ് സ്വദേശിയായ ഗുരുമൂർത്തിയെ തൃശൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട് വേരുകളുള്ള ഇയാൾ ലോറൻസ് ബിഷ്‌ണോയി സംഘത്തിന്‍റെ ഓൺലൈൻ ഹാൻഡ്ലർമാരുടെ നിർദേശപ്രകാരം സിനിമാതാരങ്ങളുടെ ചിത്രങ്ങൾ പകർത്തുകയും ഇതിനായി പണം സ്വീകരിക്കുകയും ചെയ്തെന്നായിരുന്നു ആരോപണം.

ഗുരുമൂർത്തിയാണ് യാഷ് സിങ്ങിനെ റിക്രൂട്ട് ചെയ്തതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഇരുവരും കഴിഞ്ഞ ഏതാനും മാസങ്ങളായി ബന്ധത്തിലായിരുന്നു. ഗുരുമൂർത്തി പലതവണ യാഷ് സിങ്ങിന് പണം അയച്ചുനൽകിയതായും പൊലീസ് വ്യക്തമാക്കി.

വിദേശത്തുള്ള ഭീകരസംഘടനകളുടെ നിർദേശപ്രകാരമാണ് യാഷ് പ്രവർത്തിച്ചതെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും ഇരുവരും ബിഷ്‌ണോയി സംഘത്തിനുവേണ്ടിയാണ് പ്രവർത്തിച്ചതെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

കൊച്ചിയിലെ എറണാകുളം മാർക്കറ്റിൽ കടവുഭാഗം സിനഗോഗിന് എതിർവശത്തുള്ള ബ്ലോസം നഴ്സറിക്ക് തീയിട്ട കേസിൽ കഴിഞ്ഞ മാസം അറസ്റ്റിലായ പുത്തൻകുരിശ് സ്വദേശി എബിൻ പോൾ (32) എന്നയാളുമായി ഇരുവർക്കുമുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദേശീയ അന്വേഷണ ഏജൻസിയാണ് (എൻഐഎ) തീവയ്പ്പ് കേസ് അന്വേഷിക്കുന്നത്.

യാഷ് സിങ്ങിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് ഉടൻ കോടതിയിൽ അപേക്ഷ നൽകും. കേസ് അതീവ ഗൗരവമുള്ളതായതിനാൽ അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കാമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.