
തൃശൂർ: കേരള വർമ കോളെജിലെ വിദ‍്യാർഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട‍്യൂബർ ഷഹീൻ ഷായുടെ മുടി മുറിച്ചു. മുടി മുറിച്ചതിന് പിന്നാലെ അസ്വസ്ഥത കാണിച്ച പ്രതിയെ തൃശൂർ മാനസികാരോഗ‍്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കേസിൽ റിമാൻഡിലായി ജയിലിലെത്തിയ പ്രതിയുടെ മുടി ജയിൽ ചട്ടപ്രകാരമാണ് മുറിച്ചത്.
പത്ത് മാസമായി ഒളിവിൽ കഴിയുകയായിരുന്ന ഷഹീനെ തൃശൂർ ടൗൺ വെസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. തൃശൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 19നായിരുന്നു കേസിനാസ്പദമായ സംഭവം.
മദ‍്യപിച്ച് കാറിൽ വരുകയായിരുന്ന ഷഹീനും സംഘവും കേരള വർമ കോളെജിലെ രണ്ട് വിദ‍്യാർഥികളുമായി വാക്കുതർക്കമുണ്ടാവുകയും ഇവരെ പിന്തുടർന്ന് കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു കേസ്. കേസിൽ ഷഹീനെതിരേ പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. തൃശൂർ എരനെല്ലൂർ സ്വദേശിയായ ഷഹീൻ 15 ലക്ഷം ഫോളോവേഴ്സുള്ള മണവാളൻ മീഡിയ എന്ന യൂട‍്യൂബ് ചാനലിന് ഉടമയാണ്.