മദ്യക്കുപ്പിയുമായി സ്റ്റേഷനിൽ എത്തി, ഇൻസ്പെക്ടറെ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ചു: യൂട്യൂബർ അറസ്റ്റിൽ

ആര്യനാട് പൊലീസ് സ്റ്റേഷനിലെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ അസഭ്യം പറയുകയായിരുന്നു
YouTuber yadu krishnan arrested for hitting inspector with iron chair

യദുകൃഷ്ണൻ

Updated on

ആര്യനാട്: പൊലീസ് സ്റ്റേഷനിൽ മദ്യക്കുപ്പിയുമായി എത്തി പരാക്രമം നടത്തുകയും എസ്ഐയെ ആക്രമിക്കുകയും ചെയ്ത യൂട്യൂബർ അറസ്റ്റിൽ. ഉഴമലയ്ക്കൽ കുളപ്പട സ്വദേശി യദുകൃഷ്ണൻ(21) ആണ് പിടിയിലായത്. ആര്യനാട് പൊലീസ് സ്റ്റേഷനിലെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ അസഭ്യം പറയുകയായിരുന്നു. കൂടാതെ തടയാനെത്തിയ ഇൻസ്പെക്ടറെ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപിക്കുകയും ചെയ്തു.

ശനിയാഴ്ച രാത്രി 11നാണ് സംഭവമുണ്ടായത്. മദ്യക്കുപ്പിയുമായി എത്തിയായിരുന്നു പരാക്രമം. മദ്യക്കുപ്പി സ്റ്റേഷനുള്ളിൽ അടിച്ചുപൊട്ടിക്കുകയും ചെയ്തു. ബഹളം കേട്ട് ക്വാർട്ടേഴ്സിൽ ഉണ്ടായിരുന്ന ഇൻസ്പെക്ടർ ദേവരാജൻ സ്റ്റേഷനിലേക്ക് എത്തുന്നതിനിടെ ദുകൃഷ്ണൻ സമീപത്തെ ഗവ. ആശുപത്രിയിലേക്ക് ഓടി ഡോക്ടർമാരുടെ കാബിനിലേക്കു കയറി. പിന്നാലെ എത്തിയ ഇൻസ്പെക്‌ടറെ ഇരുമ്പ് കസേരയെടുത്ത് തലയ്ക്കടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇൻസ്പെക്ടർക്ക് തലയിൽ ആറ് തുന്നലുകളുണ്ട്.

ആഴ്ചകൾക്ക് മുൻപ് പലയിടത്തും യദുകൃഷ്ണൻ പ്രശ്നങ്ങളുണ്ടാക്കിയിരുന്നെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിനു മുൻപ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോ പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായതോടെ യദുവിന്റെ സമൂഹമാധ്യമ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. അതിനിടെ യദുകൃഷ്ണനെ റിമാൻഡ് ചെയ്തതറിഞ്ഞ് ബോധരഹിതയായി വീണ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യദുവിനെതിരായ ആരോപണങ്ങൾ പൊലീസ് കെട്ടിച്ചമച്ചതാണെന്ന് ബന്ധുക്കൾ ആരോപിച്ചു.

logo
Metro Vaartha
www.metrovaartha.com