കേന്ദ്ര കമ്മിറ്റിയും കടന്ന് ഡീൽ വിവാദം

രാജ്യസഭാ സീറ്റ്‌ ബിജെപിക്ക്‌ സമ്മാനിച്ചവരാണ് ആരോപണവുമായി എത്തിയതെന്ന് വൃന്ദാ കാരാട്ട്
Vrinda Karat

വൃന്ദാ കാരാട്ട്

file photo

Updated on

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തൊടുത്തുവിട്ട സിപിഎം- ബിജെപി ഡീൽ വിവാദം ജില്ലാതലവും സംസ്ഥാന തലവും കടന്ന് സിപിഎം കേന്ദ്ര കമ്മിറ്റി- പൊളിറ്റ് ബ്യൂറോ ലെവലിലേക്കെത്തി.

ഡീൽ ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിക്കുകയും ഡീൽ ആരോപണം തള്ളുകയും ചെയ്തിരുന്നു. പിന്നാലെ മുഖ്യമന്ത്രി ഈ വിഷയം സതീശനെതിരെ തിരിച്ചു. സതീശൻ ആർഎസ്എസ് സർസംഘചാലകായിരുന്ന ഗുരുജി ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ തിരിതെളിക്കുന്ന ചിത്രം പുറത്തുവിട്ടായിരുന്നു പിണറായി വിജയന്‍റെ ഡീൽ ആക്ഷേപം.

എന്നാൽ, വൈകാതെ ബിജെപി നേതാവ്‌ എൽ.കെ. അഡ്വാനി സിപിഎം നേതാവ് കെ. ശിവദാസ മേനോന്‍റെ തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കുന്ന ചിത്രം സതീശനും ഷെയർ ചെയ്തതോടെ വിവാദത്തിന് ചൂടേറി. ഒടുവിൽ പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടും രാഹുൽ ഗാന്ധിക്കെതിരേ രംഗത്തെത്തി. രാജ്യത്ത്‌ ബിജെപിയുമായി ഡീൽ നടത്തുന്ന രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലുമാണ്‌ കേരളത്തിൽ വന്ന്‌ ഇടതുപക്ഷത്തിനെതിരേ വ്യാജ ഡീൽ ആരോപണം ഉന്നയിക്കുന്നതെന്ന്‌ വൃന്ദാ കരാട്ട്‌ തിരുവനന്തപുരത്ത് പറഞ്ഞു.

രാജസ്ഥാനിലെ രാജ്യസഭാ സീറ്റ്‌ ബിജെപിക്ക്‌ സമ്മാനിച്ച ആളാണ്‌ വേണുഗോപാൽ. ""ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അമ്പാനേ'' എന്നും അവർ പരിഹസിച്ചു. കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പിൽ 11 കോൺഗ്രസ് എംഎൽഎമാരാണ് ബിജെപിക്ക് വേണ്ടി വോട്ട് ചെയ്തത്. ഇത് ആരെ സഹായിക്കാനായിരുന്നു. ഇതല്ലേ ഡീൽ? തിരുവനന്തപുരം കോർപ്പറേഷനിലും തൃശൂരിലും കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് ദാനം ചെയ്തു. തൃശൂരിൽ ബിജെപിക്ക് എംപി ഉണ്ടായത് കോൺഗ്രസിന്‍റെ ഒരു ലക്ഷത്തോളം വോട്ടുകൾ മറിച്ചതുകൊണ്ടാണ്.

ബിജെപിയും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബുൾഡോസർ രാജ് നടപ്പാക്കുമ്പോൾ കേരളത്തിൽ ഇടതു സർക്കാർ വീടുകൾ നിർമിച്ചുനൽകുകയാണ്ത്. കർണാടകയിലും തെലങ്കാനയിലും രാഹുൽ ഗാന്ധി നൽകിയ വാഗ്ദാനങ്ങൾ വട്ടപ്പൂജ്യമാണ്‌. ഇക്കൂട്ടരാണ്‌ ഗ്യാരണ്ടിയുമായി ഇറങ്ങിത്തിരിച്ചിരിക്കുത്- തെരഞ്ഞെടുപ്പ് കൺവെൻഷനിൽ അവർ കുറ്റപ്പെടുത്തി.

10 വർഷമായി കേരളത്തിലെ സ്ത്രീകൾക്ക് സംരക്ഷണ കവചം ഒരുക്കാൻ പിണറായി സർക്കാരിന് സാധിച്ചിട്ടുണ്ട്. ആരാണ് നുണ പറയുന്നതിൽ മുന്നിൽ എന്ന കാര്യത്തിൽ നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും തമ്മിൽ മത്സരമാണ്- വൃന്ദ കൂട്ടിച്ചേർത്തു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ചയും ഏപ്രിൽ 4നും കേരളത്തിലെത്തുമ്പോൾ തങ്ങൾക്കെതിരേയുള്ള ആരോപണങ്ങൾക്കെല്ലാം മറുപടി നൽകുമെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com