ഇനി ‘സീറോ വേസ്റ്റ്’ ക്യാംപസുകൾ; പ്രഖ്യാപനം പരിസ്ഥിതി ദിനത്തിൽ

ജൂൺ അഞ്ചിന് രാവിലെ ഒമ്പതിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ‘സീറോ വേസ്റ്റ്’ ക്യാംപസ് പ്രഖ്യാപനം നിർവഹിക്കും
ഇനി ‘സീറോ വേസ്റ്റ്’ ക്യാംപസുകൾ; പ്രഖ്യാപനം പരിസ്ഥിതി ദിനത്തിൽ

പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് സംസ്ഥാനത്തെ സർവകലാശാലാ ക്യാംപസുകളടക്കം സംസ്ഥാനത്തെ എല്ലാ കലാലയങ്ങളെയും ‘സീറോ വേസ്റ്റ്’ ക്യാംപസുകളായി പ്രഖ്യാപിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു.  അന്നുതന്നെ 1000 കലാലയ വിദ്യാർഥികൾ ചേർന്ന് തിരുവനന്തപുരം നഗരഹൃദയം ശുചീകരിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ജൂൺ അഞ്ചിന് രാവിലെ ഒമ്പതിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ‘സീറോ വേസ്റ്റ്’ ക്യാംപസ് പ്രഖ്യാപനം നിർവഹിക്കും.  പൊതുവിദ്യാഭ്യാസ – തൊഴിൽ മന്ത്രി വി. ശിവൻകുട്ടി പങ്കെടുക്കും.

എൻ സി സി, എൻ എസ് എസ് കോളെജുകളിലെ മറ്റു ക്ലബ്ബുകൾ എന്നിവയെ ഏകോപിപ്പിച്ചാണ് ‘സീറോ വേസ്റ്റ്’ സമ്പൂർണ്ണ ശുചിത്വ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന്‍റെ സൗത്ത് ഗേറ്റ് മുതൽ വെള്ളയമ്പലം അയ്യങ്കാളി സ്ക്വയർ വരെയുള്ള ഭാഗത്തെ ശുചീകരണപ്രവർത്തനമാണ് ‘സീറോ വേസ്റ്റ്’ ക്യാംപസ് പ്രചാരണഭാഗമായി കലാലയ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഏറ്റെടുക്കും.

വേസ്റ്റ് ഫ്രീ ക്യാംപസ് പദ്ധതിയെക്കുറിച്ച് അവബോധമുണർത്താൻ വാർ മെമ്മോറിയൽ – രക്തസാക്ഷി മണ്ഡപം ചത്വരത്തെ പ്ലാസ്റ്റിക് വിമുക്തമാക്കി സൂക്ഷിക്കുന്ന സ്ഥിരം ചുമതല എൻ സി സി നിർവഹിക്കും.  മാനവീയം വീഥിയും അയ്യങ്കാളി ചത്വരവും പ്ലാസ്റ്റിക് വിമുക്തമാക്കി സൂക്ഷിക്കുന്ന സ്ഥിരം ചുമതല എൻ എസ് എസ് ഏറ്റെടുക്കും.

മാലിന്യമുക്ത നവകേരളം ക്യാംപയിനിന്‍റെ ഭാഗമായാണ് കലാലയങ്ങൾ ശുചീകരണ സംരംഭത്തിൽ ഭാഗമാകുന്നത്.  മാലിന്യമുക്ത നവകേരളം ക്യാംപയിനിന്‍റെ ഭാഗമായി കോളെജ്  വിദ്യാഭ്യാസ ഡയറക്റ്റർ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്റ്റർ, സർവകലാശാല രജിസ്ട്രാർമാർ, കോളെജ്  പ്രിൻസിപ്പൽമാർ, വകുപ്പുതല കോർഡിനേറ്റർമാർ എന്നിവർ പങ്കെടുത്ത് വിളിച്ചുചേർത്ത യോഗം, ഇതിനുള്ള വിപുലമായ പദ്ധതിക്കു രൂപം നൽകി.

ക്യാംപസുകളിൽ സമ്പൂർണ മാലിന്യ സംസ്കരണത്തിന് സംവിധാനം ഉണ്ടെന്ന് ഉറപ്പാക്കണമെന്നതാണ് പ്രധാനമായി നിർദ്ദേശിച്ചിരിക്കുന്നത്.  അധ്യാപക-അനധ്യാപക-വിദ്യാർഥി പങ്കാളിത്തത്തിൽ ക്യാംപസുകളിൽ നിന്ന് മാലിന്യം സമ്പൂർണമായി നീക്കം ചെയ്തുവെന്ന് ഉറപ്പാക്കും.  പൊതുജനങ്ങളിൽ അവബോധമുണർത്താൻ വേണ്ട വിദ്യാഭ്യാസ പരിപാടികൾക്ക് വിദ്യാർഥികളെ സന്നദ്ധരാക്കും. തെരഞ്ഞെടുത്ത വിദ്യാർഥികളെ തദ്ദേശ സ്ഥാപനങ്ങളുടെ ശുചിത്വ അംബാസഡർമാരായി ക്യാംപയിനുമായി സഹകരിക്കാൻ കലാലയ തലങ്ങളിൽ നടപടികളായി.

മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട സ്റ്റാർട്ട്-അപ്പ് തുടങ്ങാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കും.  ലാബുകളിലെ രാസമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാൻ സംവിധാനമൊരുക്കും.  കോളെജുകളിൽ നാപ്പ്കിൻ വെൻഡിങ് മെഷീനുകളും ഇൻസിനറേറ്ററും സ്ഥാപിക്കാൻ വേണ്ട നടപടികളെടുക്കും.  എൻ സി സി, എൻ എസ് എസ്, കോളെജിലെ മറ്റു ക്ലബ്ബുകൾ, കോളെജ്  യൂണിയൻ, പിടിഎ എന്നിവയുടെ ഭാരവാഹികളെയും അധ്യാപക-അനധ്യാപക പ്രതിനിധികളെയും ഉൾപ്പെടുത്തി പ്രിൻസിപ്പൽമാർ വിളിച്ച യോഗങ്ങളിൽ പദ്ധതി നടത്തിപ്പിനുള്ള ആസൂത്രണം പൂർത്തിയാക്കിയതായും മന്ത്രി അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com