
കണ്ണിലും ശരീരത്തിലും മുളക് സ്പ്രേ ചെയ്തു, മർദിച്ചു; പൊലീസിനെതിരേ ആരോപണവുമായി എസ്എഫ്ഐ നേതാവ്
file
പത്തനംതിട്ട: പൊലീസിനെതിരേ ഗുരുതര ആരോപണവുമായി എസ്എഫ്ഐ നേതാവ്. എസ്എഫ്ഐ മുൻ പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് ജയകൃഷ്ണൻ തണ്ണിത്തോടാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
പൊലീസ് കസ്റ്റഡിയിൽ വച്ച് കോന്നി മുൻ സിഐയും ആലപ്പുഴ ഡിവൈഎസ്പിയുമായ മധു ബാബു മർദിച്ചെന്നും കണ്ണിലും ദേഹത്തുമായി മുളക് സ്പ്രേ ചെയ്തെന്നുമാണ് ആരോപണം. ചെവിയുടെ ഡയഫ്രം അടിച്ചു പൊളിച്ചെന്നും ജയകൃഷ്ണൻ ആരോപിക്കുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ജയകൃഷ്ണൻ ഇക്കാര‍്യം വെളിപ്പെടുത്തിയത്. മർദനത്തെത്തുടർന്ന് ആറു മാസം കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സ തേടിയതായും നീതിക്കു വേണ്ടി ഹൈക്കോടതിയെ സമീപിക്കുമെന്നും ജയകൃഷ്ണൻ വ‍്യക്തമാക്കി.