കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആർഎസ് നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ല, അങ്ങനെ ഒരു ചര്‍ച്ചയും നടന്നിട്ടില്ല: ഗതാഗതമന്ത്രി

നിര്‍ബന്ധിത വിആര്‍എസുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി മാനേജ്‌മെന്‍റോ സര്‍ക്കാരോ ഔദ്യോഗികമായി ഒരു തീരുമാനവും എടുത്തിട്ടില്ല
കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആർഎസ് നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ല, അങ്ങനെ ഒരു ചര്‍ച്ചയും നടന്നിട്ടില്ല: ഗതാഗതമന്ത്രി
Updated on

പാലക്കാട്: കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും ഇതുവരെ ഉണ്ടായിട്ടില്ല. വകുപ്പുകളുടെ ധനവിനിയോഗം സംബന്ധിച്ച് ധനവകുപ്പിന് റിപ്പോർട്ട് നൽകാറുണ്ട്. ഇങ്ങനെ സമർപ്പിച്ച റിപ്പോർട്ടിലെ നിർദേശമാണോ പുറത്തുവന്നതെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

നിര്‍ബന്ധിത വിആര്‍എസുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി മാനേജ്‌മെന്‍റോ സര്‍ക്കാരോ ഔദ്യോഗികമായി ഒരു തീരുമാനവും എടുത്തിട്ടില്ല. അങ്ങനെ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. യൂണിയനുകളുമായി ഇത്തരമൊരു ആശയവിനിമയം സര്‍ക്കാര്‍ തലത്തില്‍ നടത്തിയിട്ടില്ല. ഇത് കാലാകാലങ്ങളില്‍ ധനവകുപ്പ് പലവകുപ്പുകളുമായി സാമ്പത്തിക സഹായത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന നിര്‍ദേശങ്ങളാണ്. ഇങ്ങനെ ഒരു തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ല'- മന്ത്രി പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, നിർബന്ധിത വിആർഎസ് ഇടതുനയത്തിന് വിരുദ്ധമാണെന്ന് കെഎസ്ആര്‍ടിസി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എം.ജി.രാഹുൽ ആരോപിച്ചു. വിആർഎസ് പദ്ധതി കൊണ്ടുവന്നാൽ അത് കരാർ നിയമനത്തിന് വഴിയൊരുക്കും. വിആർഎസിനെ ശക്തമായി എതിർക്കുമെന്നും എന്നാല്‍ ജീവനക്കാർ സ്വമേധയാ വിആർഎസ് എടുക്കുന്നതിനെ എതിർക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസ് നടപ്പാക്കാൻ നീക്കം നടക്കുന്നതായും ഇതിനായി 50 വയസ്സ് പിന്നിട്ട 7,200 ജീവനക്കാരുടെ പട്ടിക മാനേജ്മെന്റ് തയാറാക്കിയിരുന്നും എന്നും റിപ്പോർട്ടുണ്ട്. ഒരാള്‍ക്ക് കുറഞ്ഞത് 15 ലക്ഷം രൂപ നല്‍കാനാണ് നീക്കം. മറ്റ് ആനുകൂല്യങ്ങള്‍ വിരമിക്കല്‍ പ്രായത്തിനുശേഷം നല്‍കും.

വിആർ എസ് നടപ്പാകുന്നതോടുകൂടി ശമ്പളച്ചെലവ് 50 ശതമാനം കുറയ്ക്കാനാവുമെന്നാണ് മാനേജ്മെന്‍റിൻ്റെ കണക്കുകൂട്ടൽ. വിആര്‍എസ് നടപ്പാക്കുന്നതിനായി മാനേജ്മെന്‍റിന് 1080 കോടി രൂപയാണ് വേണ്ടിവരിക.

ഈ പദ്ധതി നടപ്പാക്കുന്നതിനായി കെഎസ്ആര്‍ടിസി മാനേജ്മെന്‍റ് ധനവകുപ്പിനെ അറിയിക്കും. 24,000 ത്തോളം ജീവനക്കാജീവനക്കാരുള്ള കെഎസ്ആര്‍ടിസിയിൽ നിന്ന് കുറച്ചു ജീവനക്കാർക്ക് വിആര്‍എസ് നല്‍കി മാറ്റി നിര്‍ത്തിയാല്‍ ശമ്പള വിതരണത്തിനായി ധനവകുപ്പിനെ സമീപിക്കേണ്ടി വരില്ലെന്നാണ് മാനേജ്‌മെന്‍റിന്‍റെ കണക്കുകൂട്ടൽ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com