

വന്ദേഭാരത്
ന്യൂഡൽഹി: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ അടുത്ത ഘട്ടത്തിൽ കേരളത്തെ പരിഗണിക്കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം. ഇതുസംബന്ധിച്ച് കേന്ദ്രത്തിന്‍റെ ഉറപ്പ് ലഭിച്ചതായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്‍റണി എന്നിവർ പറഞ്ഞു. കേന്ദ്ര മന്ത്രിമാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു പ്രതികരണം.
വികസിത കേരളം പ്രതിപക്ഷത്തിരുന്ന് യാഥാർഥ്യമാക്കും. കേന്ദ്ര സർക്കാരിന്‍റെ പദ്ധതികൾ കേരളത്തിലെത്തിക്കാൻ കേന്ദ്ര മന്ത്രിമാരുമായി ചർച്ച നടത്തിയതായി ബിജെപി നേതാക്കൾ വ്യക്തമാക്കി. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, സാംസ്കാരിക ടൂറിസം മന്ത്രി ഗജേന്ദ്ര ഷെഖാവത്ത്, ജലശക്തി മന്ത്രി സി. ആർ. പാട്ടീൽ എന്നിവർ മികച്ച പിന്തുണ ഉറപ്പാക്കി.
ദേശീയ പാതയുമായി ബന്ധപ്പെട്ട് ജനങ്ങൾ നേരിടുന്ന പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ഗഡ്കരിയോട് ആവശ്യപ്പെട്ടു. വിഴിഞ്ഞം- നാവായിക്കുളം ഔട്ടർറിങ് റോഡ് ഉടൻ നടപ്പാക്കും. സാമ്പത്തിക ഇടനാഴായായാണ് പദ്ധതി നടപ്പാക്കുന്നത്. വരാനിരിക്കുന്ന കാബിനറ്റിൽ പദ്ധതി അംഗീകരിക്കും. ദേശീയ പാത കടന്നു പോകുന്ന സ്ഥലങ്ങൾ കൂടുതൽ അടിപ്പാത, മേൽപ്പാലം എന്നിവ ആവശ്യമാണ്. കായംകുളത്ത് മേൽപ്പാത നിർമിക്കും. ഹരിപ്പാട് താലൂക്ക് ആശുപത്രിക്ക് മുന്നിലും, ഓച്ചിറ ക്ഷേത്രത്തിനു മുൻവശത്തും ചവറയിലും മേൽപാത വരും. പാലക്കാട് - കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി അനുഭാവപൂർവം പരിഗണിക്കും.
റെയിൽവേ അടിസ്ഥാന സൗകര്യ വികസനം സംബന്ധിച്ചും വിശദമായ ചർച്ച നടത്തി. മംഗളൂരുവിനും തിരുവനന്തപുരത്തിനും ഇടയിൽ മൂന്ന്, നാല് പാതകൾ സമയബന്ധിതമായി നടപ്പാക്കാൻ ആവശ്യപ്പെട്ടു. പമ്പ നദിയുടെ പുനരുജ്ജീവനത്തിന് നമാമി ഗംഗ മാതൃകയിൽ നമാമി പമ്പ പദ്ധതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടതായി അനൂപ് ആന്റണി പറഞ്ഞു. പാർവതി പുത്തനാർ പുനരുജ്ജീവനത്തിനും പദ്ധതി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ പിന്തുണ ആവശ്യമായതിനാൽ സംസ്ഥാന സർക്കാരുമായും ചർച്ച നടത്തും.