ബ്രഹ്മപുരം നന്നായിട്ടില്ല, പ്രചരിപ്പിച്ചത് നുണയെന്നു മേയർ

കൊച്ചി കോർപ്പറേഷന്‍റെയും വിവിധ മുനിസിപ്പാലിറ്റികളുടെയും മാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുന്ന തരത്തില്‍ ബ്രഹ്മപുരം മാസ്റ്റര്‍ പ്ലാനില്‍ ഭേദഗതി വരുത്തും
Kochi Mayor denies claims on Brahmapuram

കൊച്ചി മേയർ വി.കെ. മിനിമോളും സംഘവും ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് സന്ദർശിക്കുന്നു. ഉൾചിത്രത്തിൽ മന്ത്രി എം.ബി. രാജേഷ് മുൻപ് ബ്രഹ്മപുരം പ്രശ്നം പരിഹരിച്ചു എന്നവകാശപ്പെട്ട് അവിടെ ക്രിക്കറ്റ് കളിച്ചപ്പോഴത്തേത്.

MV

Updated on
Summary

ബ്രഹ്മപുരത്തെക്കുറിച്ച് പുറത്ത് പ്രചരിപ്പിച്ചതല്ല വാസ്തവമെന്നും യാഥാര്‍ഥ്യം മറ്റൊന്നാണെന്നും പറഞ്ഞ മേയറും സംഘവും ബ്രഹ്മപുരത്തിന്‍റെ യഥാര്‍ഥ മുഖം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി. എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ട സാചര്യമാണെന്ന് മേയര്‍ ചൂണ്ടിക്കാട്ടി.

കൊച്ചി: കൊച്ചി കോർപ്പറേഷന്‍റെയും വിവിധ മുനിസിപ്പാലിറ്റികളുടെയും മാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുന്ന തരത്തില്‍ ബ്രഹ്മപുരം മാസ്റ്റര്‍ പ്ലാനില്‍ ഭേദഗതി വരുത്തുമെന്ന് മേയര്‍ അഡ്വ. വി.കെ. മിനിമോള്‍. ബ്രഹ്മപുരം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മേയര്‍.

ബ്രഹ്മപുരത്തെക്കുറിച്ച് പുറത്ത് പ്രചരിപ്പിച്ചതല്ല വാസ്തവമെന്നും യാഥാര്‍ഥ്യം മറ്റൊന്നാണെന്നും പറഞ്ഞ മേയറും സംഘവും ബ്രഹ്മപുരത്തിന്‍റെ യഥാര്‍ഥ മുഖം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി. എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ട സാചര്യമാണെന്ന് മേയര്‍ ചൂണ്ടിക്കാട്ടി. ബയോമൈനിങ് നടത്തി വീണ്ടെടുത്തുവെന്ന് പറഞ്ഞ 104 ഏക്കര്‍ സ്ഥലം നിലവില്‍ പുഴയില്‍ മുങ്ങിയ സ്ഥിതിയാണ്. ക്രിക്കറ്റ് പിച്ച് നിര്‍മിച്ചുവെന്ന് പ്രചരിപ്പിച്ച സ്ഥലം മണ്ണിട്ട് നികത്തി വീണ്ടെടുക്കേണ്ട സ്ഥിതിയാണ്.

ബ്രഹ്മപുരം പ്ലാന്‍റില്‍ തീപിടുത്തത്തിനു ശേഷം മാലിന്യങ്ങള്‍ ഒരു പ്രോസസിങും നടത്താതെ കൂട്ടിയിട്ടതിനാല്‍ പ്ലാസ്റ്റിക് മലയേക്കാള്‍ വലിയ മല രൂപപ്പെട്ടിരിക്കുകയാണ്. പഴയ ഓഫിസ് കെട്ടിടവും രണ്ട് വേയ് ബ്രിഡ്ജ് അടക്കം ഏക്കറുകണക്കിന് സ്ഥലത്ത് ഭക്ഷണ മാലിന്യം കൂട്ടിയിട്ടിരിക്കുകയാണെന്ന് മേയര്‍ മാധ്യമങ്ങളെ ബോധ്യപ്പെടുത്തി. ഇവിടങ്ങളില്‍ ചെളിയും മാലിന്യങ്ങളും പ്ലാസ്റ്റിക്കും കൂടിക്കലര്‍ന്ന് മാലിന്യ മലയായിരിക്കുന്നു. ബിപിസിഎല്‍ സഹകരണത്തോടെ സ്ഥാപിച്ച സിബിജി പ്ലാന്‍റ് മാത്രമാണ് വൃത്തിയായി സൂക്ഷിച്ചിരിക്കുന്നത്.

ബ്രഹ്മപുരത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുതിയ പദ്ധതി നടപ്പാക്കേണ്ടി വരും. പുതിയ ഭരണസമിതിക്ക് കൈമാറിയപ്പോള്‍ എല്ലാം ഭംഗിയായിരുന്നു എന്ന പ്രചാരണം ഒഴിവാക്കാന്‍ വേണ്ടിയാണ് മാധ്യമങ്ങളെയടക്കം യാഥാര്‍ഥ്യം ബോധ്യപ്പെടുത്തുന്നതെന്നും മേയര്‍ പറഞ്ഞു. ബയോമൈനിങ് പൂര്‍ത്തീകരിച്ചുവെന്ന് മുന്‍ ഭരണസമിതി അവകാശവാദം ഉന്നയിക്കുമ്പോഴും രണ്ടര ലക്ഷം ടണ്ണോളം ഇനിയും പൂര്‍ത്തീകരിക്കാനുണ്ട്. പഴയ പ്ലാസ്റ്റിക് അവശിഷ്ടങ്ങളാണിത്. ഇത് പ്രോസസ് ചെയ്യാന്‍ സര്‍ക്കാര്‍ സഹായമടക്കം ആവശ്യമായി വരും. സെപ്റ്റേജ് ടാങ്കും പുതുതായി നിര്‍മിക്കേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടി.

ബ്രഹ്മപുരം വിഷയത്തില്‍ രാഷ്‌ട്രീയ ആരോപണങ്ങള്‍ക്കോ പകപോക്കലിനോ ഇല്ല, ബ്രഹ്മപുരത്തിന്‍റെ യഥാര്‍ഥ സ്ഥിതി മനസിലാക്കി എല്ലാം ആദ്യം മുതല്‍ തുടങ്ങേണ്ടി വരും. മാസ്റ്റര്‍ പ്ലാനില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും മേയര്‍ പറഞ്ഞു.

മേയര്‍ക്കൊപ്പം ഡെപ്യൂട്ടി മേയര്‍ ദീപക് ജോയ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ഷാകൃത സുരേഷ് ബാബു, സീന ടീച്ചര്‍, ടി.കെ. അഷ്റഫ്, കെ.എ. മനാഫ്, ജെസ്മി ജെറാള്‍ഡ്, നഗരസഭ സെക്രട്ടറി പി.എസ്. ഷിബു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘമാണ് ബ്രഹ്മപുരം സന്ദര്‍ശിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com