കണ്ടെയ്‌നർ ട്രെയിൻ ഓടാത്ത കണ്ടെയ്‌നർ പാളം

വല്ലാർപാടം കണ്ടെയ്‌നർ റെയിൽ പാളത്തിലൂടെ ചരക്ക് നീക്കം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ അധികൃതർ കണ്ടെയ്‌നർ കോർപ്പറേഷൻ ഓഫ് ഇന്ത്യയെ സമീപിച്ചു
വല്ലാർപാടം കണ്ടെയ്നർ ടെർമനിൽ റെയിൽ ട്രാക്കിലൂടെ അപൂർവമായി ഓടുന്ന ഒരു ട്രെയിൻ.
വല്ലാർപാടം കണ്ടെയ്നർ ടെർമനിൽ റെയിൽ ട്രാക്കിലൂടെ അപൂർവമായി ഓടുന്ന ഒരു ട്രെയിൻ.
Updated on

ജിബി സദാശിവൻ

കൊച്ചി: രാജ്യത്തെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ റെയിൽവേ പാലം എവിടെയാണെന്ന് ചോദിച്ചാൽ അത് കൊച്ചിയിലാണ്. വേമ്പനാട് കായലിലൂടെ 4.62 കിലോമീറ്റർ നീളത്തിൽ നിർമിച്ച ഈ പാളത്തിലൂടെ പക്ഷേ വല്ലപ്പോഴുമൊരിക്കൽ ചരക്ക് വണ്ടികൾ വന്നാലായി എന്നതാണ് സ്ഥിതി. ഒരു പതിറ്റാണ്ടിലേറെയായി നോക്കുകുത്തിയെ പോലെ നിൽക്കുകയാണ് ഈ പാളം. മുന്നൂറിലേറെ കുടുംബങ്ങളെ കുടിയൊഴിപ്പിച്ച ശേഷം നിർമിച്ച റെയിൽ പാളത്തിനാണ് ഈ ദുര്യോഗം. വല്ലാർപാടം കണ്ടെയ്‌നർ റെയിൽ പാളത്തിലൂടെ ചരക്ക് നീക്കം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ അധികൃതർ കണ്ടെയ്‌നർ കോർപ്പറേഷൻ ഓഫ് ഇന്ത്യയെ സമീപിച്ചു.

2011 ലാണ് വല്ലാർപാടം രാജ്യാന്തര കണ്ടെയ്‌നർ ടെർമിനലിനെ ബന്ധപ്പെടുത്തി റെയിൽ പാളം നിർമിച്ചത്. റെയിൽ പാത നിർമിച്ച് മാസങ്ങൾക്കകം ഇത് അടച്ചിട്ടു. പിന്നീട് 2020 ലാണ് പാത വീണ്ടും തുറന്നത്. എന്നാൽ തുടർന്ന് വന്ന കോവിഡ് ചരക്ക് നീക്കം പൂർണമായി സ്തംഭിപ്പിച്ചു. കാലിയായ കണ്ടെയ്‌നറുകൾ നീക്കുന്നതിനായുള്ള ഫീസ് ഇളവ് ചെയ്യണമെന്ന് ബന്ധപ്പെട്ട ഏജൻസികൾ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടില്ല. കണ്ടെയ്‌നർ നീക്കത്തിന് ആവശ്യമായ ബ്രേക്ക് പവർ സർട്ടിഫിക്കറ്റ് നൽകുന്നതിനായി എറണാകുളത്ത് തന്നെ സംവിധാനം ഒരുക്കണമെന്ന് ഷിപ്പിംഗ് ഏജൻസികൾ ആവശ്യപ്പെട്ടെങ്കിലും അതും അംഗീകരിക്കപ്പെട്ടില്ല. നിലവിൽ ഇത് കോയമ്പത്തൂരിൽ നിന്നാണ് വിതരണം ചെയ്യുന്നത്.

ചരക്ക് നീക്ക നിരക്കിൽ ഇളവ് വേണമെന്ന് കണ്ടെയ്‌നർ കോർപ്പറേഷൻ റെയിൽവേയോട് ആവശ്യപ്പെട്ടതായാണ് അറിയുന്നത്. നിലവിൽ റോഡ് മാർഗം ഒരു കണ്ടെയ്‌നർ കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുന്നതിന് 25000 രൂപയാണ് ചെലവ്. എന്നാൽ റെയിൽ മാർഗം കൊണ്ടുപോകുമ്പോൾ ഇത് 28000 രൂപയാകും. ഇക്കാര്യം കോർപ്പറേഷൻ റെയിൽവേ മുൻപാകെ ഉന്നയിച്ചിട്ടുണ്ട്. ഈ നിരക്ക് ഷിപ്പിംഗ് ഏജൻസികൾക്ക് താങ്ങാനാവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവിൽ തദ്ദേശ ആവശ്യങ്ങൾക്കായുള്ള ചരക്കുകളാണ് റെയിൽ മാർഗം കൊണ്ട് വരുന്നത്. എന്നാൽ നിരക്കിൽ ഇളവ് അനുവദിച്ചാൽ കയറ്റുമതി, ഇറക്കുമതി ചരക്കുകൾ വല്ലാർപാടം ടെർമിനലിലൂടെ റെയിൽ മാർഗം കൊണ്ടുവരാൻ തയാറാണെന്ന് ഷിപ്പിംഗ് ഏജൻസികൾ അറിയിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com