ചീയപ്പാറയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; വാഹനം പൂർണമായി കത്തിനശിച്ചു

ഡ്രൈവർ സീറ്റിന് സമീപത്തുനിന്ന് പുകയുടെ ഗന്ധം അനുഭവപ്പെട്ടതോടെ വാഹനം നിർത്തുകയായിരുന്നു.
A moving car caught fire near Cheeyappara

ചീയപ്പാറയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; വാഹനം പൂർണമായി കത്തിനശിച്ചു

Updated on: 

കോതമംഗലം: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലത്തിന് സമീപം ചീയപ്പാറ വെള്ളച്ചാട്ടത്തിന് അടുത്തായി ഓടിക്കൊണ്ടിരുന്ന ടാക്സി കാറിന് തീപിടിച്ചു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ മൂന്നുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു. തീപിടിത്തത്തിൽ കാർ പൂർണമായും കത്തിനശിച്ചു. ഹൈദരാബാദിൽ നിന്ന് എത്തിയ ദമ്പതിമാർ മൂന്നാറിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. കൊല്ലം സ്വദേശിയായ ഡ്രൈവറായിരുന്നു വാഹനം ഓടിച്ചിരുന്നത്. എറണാകുളം സ്വദേശിയുടേതാണ് കാർ.

ഡ്രൈവർ സീറ്റിന് സമീപത്തുനിന്ന് പുകയുടെ ഗന്ധം അനുഭവപ്പെട്ടതോടെ വാഹനം നിർത്തുകയായിരുന്നു. തുടർന്ന് വാഹനത്തിൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻതന്നെ ദമ്പതിമാരെ സുരക്ഷിതമായി പുറത്തിറക്കി. ഇവരുടെ ബാഗുകളും മറ്റ് സാധനങ്ങളും വാഹനത്തിൽനിന്ന് പുറത്തെടുക്കാനും സാധിച്ചു.

എന്നാൽ നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടരുകയായിരുന്നു. വെറും അഞ്ച് മിനിറ്റിനുള്ളിൽ കാർ പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അടിമാലി, നേര്യമംഗലം എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. യാത്രക്കാരുടെ സമയോചിതമായ ഇടപെടലും ഡ്രൈവറുടെ ജാഗ്രതയും വലിയൊരു ദുരന്തം ഒഴിവാക്കി.