
ഏബിൾ. സി. അലക്സ്
കോതമംഗലം: തുടർച്ചയായി മാധ്യമ പുരസ്കാരങ്ങൾ നേടി, മാധ്യമ പുരസ്‌കാരങ്ങളിൽ റെക്കോഡ് നേട്ടം കൈവരിച്ച് യൂണിവേഴ്സൽ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സിൽ ഇടം നേടിയിരിക്കുകയാണ് ഏബിൾ സി. അലക്സ്. മെട്രൊ വാർത്ത ലേഖകനും, കോതമംഗലം മാർ അത്തനേഷ്യസ് കോളെജ് ലൈബ്രറി അസിസ്റ്റന്‍റുമായ ഏബിൾ പത്തിലേറെ റെക്കോഡുകൾ നേടിയും, മുപ്പതിലേറെ മാധ്യമ പുരസ്‌കാരങ്ങൾ നേടിയും, ഏറ്റവും കൂടുതൽ റെക്കോഡുകളും അവാർഡുകളും നേടിയ മലയാളി മാധ്യമ പ്രവർത്തകൻ എന്ന ഗിന്നസ് വേൾഡ് റെക്കോഡ് നേട്ടം കൈവരിക്കാനുള്ള പ്രയാണത്തിലാണ്.
കഴിഞ്ഞ 14 വർഷമായി മാധ്യമ രംഗത്തുള്ള ഏബിളിന്‍റെ നിരവധി ഹ്യൂമൻ ഇന്‍റർസ്റ്റ് സ്റ്റോറികളും, സാമൂഹിക പ്രതിബദ്ധതയുള്ള ലേഖനങ്ങളുമാണ് പത്രത്താളുകളിൽ ഇടം പിടിച്ചിട്ടുള്ളത്. തുടർച്ചയായി മാധ്യമ പുരസ്‌കാരങ്ങൾ ലഭിച്ചതിനു ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ്, ലണ്ടൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്, യുഎസ്എ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്, തെലുങ്കാന ബുക്ക് ഓഫ് റെക്കോഡ്സ്, യുഎൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്, ഓറിയന്‍റ് ബുക്ക് റെക്കോഡ്, യുഎൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്, കലാം ബുക്ക് ഓഫ് റെക്കോഡ്, ബ്രില്ല്യാന്‍റ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ് തുടങ്ങി 10 ൽ പരം റെക്കോഡുകൾക്ക് ഉടമയാണ്.
അമെരിക്കൻ മെറിറ്റ് കൗൺസിൽ ബഹുമതി, ഭാരത് സേവക് സമാജ് നാഷണൽ അവാർഡ്, നെൽസൺ മണ്ടെല ഇൻസ്പിരേഷൻ ഇന്‍റർനാഷണൽ അവാർഡ്, ഹെലൻ കെല്ലർ ഇന്‍റർനാഷണൽ അവാർഡ്, ഡോ. എ.പി.ജെ. അബ്ദുൾ കലാം നാഷണൽ അവാർഡ്, മികച്ച മാധ്യമ പ്രവർത്തകനുള്ള അനശ്വര ചലച്ചിത്ര താരം ജയൻ സ്മാരക മാധ്യമ അവാർഡ്, പി.എൻ. പണിക്കർ മാധ്യമ അവാർഡ്, അടൂർ പങ്കജം, അടൂർ ഭവാനി അവാർഡ് ഉൾപ്പെടെ നിരവധി മാധ്യമ അവാർഡുകൾ നേടിയിട്ടുണ്ട്.
ഡോ. എസ്. രാധാകൃഷ്ണൻ ഫൗണ്ടേഷൻ, മഹാത്മാ ഗാന്ധി ഗ്ലോബൽ ഇന്‍റർനാഷണൽ പീസ് ഫൗണ്ടേഷൻ, തെലുങ്കാനാ ബുക്ക് ഓഫ് റെക്കോഡ്സ്, അമെരിക്കൻ മെറിറ്റ് കൗൺസിൽ എന്നിവർ ഹോണോററി ഡോക്റ്ററെറ്റ് നൽകി ആദരിച്ചിട്ടുണ്ട്. മാധ്യമ രംഗത്തിന് പുറമെ കലാ, സാഹിത്യ, സാംസ്‌കാരിക മേഖലയിലും നിറ സാന്നിധ്യമാണ്. നിരവധി കായിക, ചലച്ചിത്ര ചിത്രീകരണ, സാംസ്‌കാരിക വാർത്തകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.