വീടെന്ന സ്വപ്നം യാഥാർഥ്യമാക്കി കെ.സി. വേണുഗോപാൽ; വഴിയരികിൽ കാത്തു നിന്ന് നന്ദി പറഞ്ഞ് ആദിത്യ ലക്ഷ്മി

നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കോടെ കാരക്കോണം മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ചിട്ടും പഠനം പൂർത്തിയാക്കാൻ പണമില്ലാതെ ബുദ്ധിമുട്ടിയ ആദിത്യയെ അന്നത്തെ ആലപ്പുഴ കലക്ടർ കൃഷ്ണ തേജ സഹായിച്ചിരുന്നു
അമ്പലപ്പുഴയിൽ കാത്തുനിന്ന് കെ.സി. വേണുഗോപാലുമായി സംസാരിക്കുന്ന ആദിത്യലക്ഷ്മി.
അമ്പലപ്പുഴയിൽ കാത്തുനിന്ന് കെ.സി. വേണുഗോപാലുമായി സംസാരിക്കുന്ന ആദിത്യലക്ഷ്മി.

ആലപ്പുഴ: അമ്പലപ്പുഴയിലേക്കുള്ള യാത്രയ്ക്കിടയിൽ കെ.സി. വേണുഗോപാലിനെ കാത്ത് ഒരാൾ വഴിയരികിൽ നിൽപ്പുണ്ടായിരുന്നു, കാരക്കോണം മെഡിക്കൽ കോളജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനി ആദിത്യലക്ഷ്‍മി. സുരക്ഷിതമായി കഴിയാൻ അടച്ചുറപ്പുള്ള വീടെന്നത് ആദിത്യയുടെ വലിയ സ്വപ്നമായിരുന്നു, സ്വപ്നം യാഥാർഥ്യമാക്കിയ കെ.സി. വേണുഗോപാലിനെ നേരിൽ കണ്ട് നന്ദി അറിയിക്കണമെന്നത് ഏറെക്കാലമായുള്ള ആഗ്രഹവും. അങ്ങനെയാണ് കെസി അമ്പലപ്പുഴ വഴി വരുന്ന വിവരം അറിഞ്ഞതും കാണാൻ കാത്തുനിന്നതും.

2022ലാണ് ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി ആദിത്യലക്ഷ്മിയെക്കുറിച്ച് പത്ര വാർത്തകളിൽ നിന്ന് കെ.സി. വേണുഗോപാൽ അറിയുന്നത്. നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കോടെ കാരക്കോണം മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ചിട്ടും പഠനം പൂർത്തിയാക്കാൻ പണമില്ലാതെ ബുദ്ധിമുട്ടിയ ആദിത്യയെ അന്നത്തെ ആലപ്പുഴ കലക്ടർ കൃഷ്ണ തേജ സഹായിച്ചിരുന്നു. ആദിത്യയ്ക്ക് അടച്ചുറപ്പുള്ള വീടില്ലെന്നു മനസിലാക്കിയ കെസി ആദിത്യയെ ഫോണിൽ വിളിച് വീടിന്‍റെ കാര്യത്തിൽ പേടി വേണ്ട എല്ലാം ശരിയാക്കാമെന്ന് ഉറപ്പ് നൽകുകയും കൃഷ്ണ തേജയെ അഭിനന്ദിക്കുകയും ചെയ്തു.

തുടർന്ന് കെ.സി. വേണുഗോപാൽ മുൻകൈയെടുത്ത് തന്‍റെ സുഹൃത്തുക്കൾ വഴി ആദിത്യയ്ക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമാക്കി, വീട് നിർമിക്കാനുള്ള കാര്യങ്ങൾ പൂർത്തിയായെന്ന് പ്രാദേശിക കോൺഗ്രസ് നേതൃത്വം അറിയിക്കുമ്പോൾ തന്‍റെ വലിയൊരു സ്വപ്നം യാഥാർഥ്യമാകുന്ന സന്തോഷത്തിലായിരുന്നു ഈ മിടുക്കി.

ദ്രുതഗതിയിൽ വീട് നിർമാണം പൂർത്തിയാക്കി 2023 ഓഗസ്റ്റിൽ ഗൃഹപ്രവേശനവും നടത്തി. അന്നുമുതൽ കെസിയെ നേരിൽ കണ്ട് നന്ദി പറയണമെന്ന് ആഗ്രഹിച്ചിരുന്നു, ഫോണിൽ കൂടെ മാത്രം സംസാരിച്ചിട്ടുള്ള ഇരുവരും വഴിയരികിൽ നേരിൽകണ്ടു. കെസിയോട് നന്ദി പറഞ്ഞ ആദിത്യയെ ചേർത്ത് നിർത്തിയ അദ്ദേഹം നന്നായി പഠിക്കണമെന്നും മികച്ച ഡോക്ടറായി അനവധി സേവനങ്ങൾ നടത്തണമെന്നും സ്നേഹോപദേശം നൽകി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com