

പരാജയം അറിയാതെ 37 വർഷം; കോതമംഗലത്തിന്‍റെ എജി മത്സര രംഗത്ത് നിന്ന് പടിയിറങ്ങി
കോതമംഗലം: പരാജയം അറിയാത്ത ഒരു രാഷ്ട്രീയ നേതാവ്... അതാണ് കോതമംഗലത്തിന്‍റെ സ്വന്തം എജി എന്ന എ.ജി.ജോർജ്. .1988 മുതൽ കോതമംഗലം നഗരസഭാ കൗൺസിലറാണു കോൺഗ്രസ് നേതാവ് എ.ജി.ജോർജ്. 37വർഷം തുടർച്ചയായാണു നാട്ടുകാർ 'എജി'യെ ജയിപ്പിച്ചത്. ചെയർമാനും വൈസ് ചെയർമാനുമൊക്കെയായി മത്സരിച്ച 7 തെരഞ്ഞെടുപ്പിലും ജോർജ് ജയിച്ചു. മത്സരരംഗത്തു നിന്നു പിന്മാറിയിട്ടും വിജയിച്ച ചരിത്രവും എ.ജി. ജോർജിനുണ്ട്.
2000 ലെ തെരഞ്ഞെടുപ്പിൽ മത്സരി ക്കാൻ പത്രിക നൽകിയെങ്കിലും വൈകിയെത്തിയ യുഡിഎഫ് സീറ്റു വിഭജനത്തിൽ വാർഡ് കിട്ടിയതു കേരള കോൺഗ്രസ് എമ്മിന്. അപ്പോഴേക്കും പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞിരുന്നു. മത്സരരംഗത്തു നിന്നു പിൻമാറുന്നതായി ജോർജ് നോട്ടിസ് അടിച്ചിറക്കി.
എന്നിട്ടും, ജനം അദ്ദേഹത്തെ വേണ്ടെന്നു വച്ചില്ല; വോട്ടെണ്ണിയപ്പോൾ ജോർജിന് 155 വോട്ടിന്‍റെ ഭൂരിപക്ഷം. 34 വർഷമായി മാതിരപ്പിള്ളി സഹകരണ ബാങ്ക് പ്രസിഡന്‍റാണ് ജോർജ്. ഇക്കുറി ജോർജ് മത്സരിക്കുന്നില്ലെങ്കിലും മകൻ അനുപ് ജോർജ് മത്സരരംഗത്തുണ്ട്.