
എഴുപുന്ന ശ്രീനാരായണപുരം ക്ഷേത്രത്തിലെ തിരുവാഭരണ മോഷണം; കീഴ്ശാന്തി പിടിയിൽ
ആലപ്പുഴ: എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിക്കപ്പെട്ട കേസിൽ കീഴ്ശാന്തി പിടിയിൽ. കൊല്ലം സ്വദേശി രാമചന്ദ്രൻ പോറ്റിയാണ് അറസ്റ്റിലായിരിക്കുന്നത്. മൂന്നര പവൻ വരുന്ന കിരീടം, രണ്ട് മാലകൾ എന്നിവ ഉൾപ്പെടെ 20 പവന്‍റെ തിരുവാഭരണമാണ് മോഷ്ടിക്കപ്പെട്ടത്.
വിഷുദിനത്തിൽ വിഗ്രഹത്തിൽ കൂടുതൽ ആഭരണങ്ങൾ ചാർത്തിയിരുന്നു. മേൽശാന്തി അവധിയിലായിരുന്നതിനാൽ കീഴ്ശാന്തിയാണ് ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചിരുന്നത്. തിരുവാഭരണം കാണാതായതിനു പിന്നാലെ കീഴ്ശാന്തിയെയും കാണാതായിരുന്നു.
ക്ഷേത്രത്തിൽ നിന്ന് മുക്കുപണ്ടവും കണ്ടെത്തിയിരുന്നു. മോഷ്ടിച്ച ആഭരണം തേവരയിലെ ബാങ്കിൽ പണയം വച്ചതായി ഇയാൾ മൊഴി നൽകിയിട്ടുണ്ട്.