വാട്ടർ മെട്രോ: ക്രമക്കേടെന്ന് പരാതി, നിഷേധിച്ച് കെഎംആർഎൽ

ഫോർട്ട് കൊച്ചി, ബോൾഗാട്ടി, വൈപ്പിൻ എന്നിവിടങ്ങളിലെ ടെർമിനൽ നിർമാണത്തിലാണ് ക്രമക്കേട്
Water Metro Terminal
Water Metro TerminalRepresentative image
Updated on

കൊച്ചി: വാട്ടർ മെട്രോയുടെ ടെർമിനൽ നിർമാണത്തിൽ ക്രമക്കേട് കണ്ടെത്തിയതായി ആരോപണം. ഫോർട്ട് കൊച്ചി, ബോൾഗാട്ടി, വൈപ്പിൻ എന്നിവിടങ്ങളിലെ ടെർമിനൽ നിർമാണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.

സംഭവത്തിൽ നിർമാണ കമ്പനി നൽകിയ പരാതിയിൽ ഉപകരാർ ലഭിച്ച കമ്പനിക്കെതിരെ ഫോർട്ടുകൊച്ചി പൊലീസ് കേസെടുത്തിട്ടുണ്ട്. ടെർമിനൽ റാഫ്റ്റുകളിൽ വളവ് കണ്ടെത്തിയയെന്നും, ഗുണനിലവാരമില്ലാത്ത സാമഗ്രികൾ ഉപയോഗിച്ചാണ് നിർമാണമെന്നുമാണ് പരാതി.

അതേസമയം കൊച്ചി വാട്ടർ മെട്രോ ടെർമിനലുകളുടെ നിർമാണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പരാതികളും ആരോപണങ്ങളും വസ്തുതാവിരുദ്ധമാണെന്ന് കെഎംആർഎൽ വ്യക്തമാക്കി. നിർമാണം സമയബന്ധിതമായി തുടങ്ങുവാൻ കഴിയാതെ വന്നതിനാൽ കരാർ കമ്പനിയായ മേരി മാതാ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡുമായുള്ള കരാറിൽ നിന്ന് മട്ടാഞ്ചേരി ടെർമിനൽ നിർമാണം കെഎംആർഎൽ നേരത്തെ ഒഴിവാക്കിയതാണെന്നും ,മട്ടാഞ്ചേരി ടെർമിനൽ നിർമാണവുമായി ബന്ധപ്പെട്ട റീടെൻഡർ നടപടികൾ അവസാനഘട്ടത്തിലാണെന്നും കെ എംആർഎൽ അറിയിച്ചു.

നിലവിൽ ഫോർട്ട് കൊച്ചി ടെർമിനലിന്‍റെ നിർമാണം പുരോഗമിക്കുകയാണ്. കെഎംആർഎൽ, ജനറൽ കൺസൾട്ടന്‍റായ എഇകോം എന്നിവയിലെ ഉദ്യോഗസ്ഥരുടെ മേൾനോട്ടത്തിലാണ് ടെർമിനലിന്‍റെ നിർമാണം നടക്കുന്നത്.

നിർമാണത്തിൽ അപാകതകൾ ശ്രദ്ധയിൽപ്പെട്ടാൽ കരാർ കമ്പനിയായ മേരി മാതാ ഇൻഫ്രാസ്ട്രക്ച്ചറുമായി ആലോചിച്ച് അവ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും കെഎംആർഎൽ അറിയിച്ചു. ഡിസംബർ അവസാനത്തോടെ ഫോർട്ട്കൊച്ചി ടെർമിനൽ നിർമാണം പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നു നൽകാനാകുമെന്നാണ് കെഎംആർഎൽ പ്രതീക്ഷ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com