
കളമശേരി: ആലുവ - ആലങ്ങാട് റോഡ് വീതി കൂട്ടി നിർമ്മിക്കുന്ന പദ്ധതിയുടെ സാമൂഹ്യാഘാത പഠനത്തിൻ്റെ ഭാഗമായുള്ള പൊതുതെളിവെടുപ്പ് പൂർത്തിയായി. സർക്കാർ തയ്യാറാക്കിയ പദ്ധതിയും അലൈൻമെന്‍റും അംഗീകരിക്കുന്നതായി പൊതു തെളിവെടുപ്പിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. റോഡ് വികസനമെന്ന ദീർഘകാല ആവശ്യം യാഥാർത്ഥ്യക്കുന്നതിന് ഇനി അവശേഷിക്കുന്ന നടപടികളും അതിവേഗം പൂർത്തിയാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.
തോട്ടക്കാട്ടുകര ടൗൺഹാൾ, കടുങ്ങല്ലൂർ എന്നിവിടങ്ങളിലായി നടത്തിയ അഭിപ്രായ രൂപീകരണയോഗത്തിൽ പ്രദേശവാസികളും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു. 12 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കുക. ഏഴ് മീറ്റർ വീതിയിലുള്ള ടാർ റോഡിനൊപ്പം സർവ്വീസ് റോഡ്, ഡ്രെയിൻ കം ഫുട്പാത്ത്, കേബിൾ ഡക്ട് എന്നിവ ഉൾപ്പെടെയാണ് 12 മീറ്റർ വീതിയിലുള്ള റോഡ് വിഭാവനം ചെയ്തിരിക്കുന്നത്. റോഡിന്‍റെ വീതിയുൾപ്പെടെ സർക്കാർ തയ്യാറാക്കിയ പദ്ധതി നിർദ്ദേശത്തോട് ഏവരും അനുകൂലിച്ചു.
2021 ഒക്ടോബർ 13 ന് തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് റോഡ് വീതി കൂട്ടി നിർമ്മിക്കാൻ ധാരണയായത്. ഇതേത്തുടർന്ന് ആലുവയിൽ ചേർന്ന, റോഡ് കടന്നുപോകുന്ന തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ യോഗത്തിൽ യോഗത്തിൽ തുടർ നടപടികൾ വേഗത്തിലാക്കാനും തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരം പുതിയ അലൈൻമെന്‍റിന് നേരത്തെ ലഭിച്ചിരുന്നു. രൂക്ഷമായ ഗതാഗതക്കുരുക്ക് നേരിടുന്ന തോട്ടക്കാട്ടുകര - കിഴക്കേ കടുങ്ങല്ലൂർ ഭാഗത്ത് മതിയായ വീതി റോഡിന് ലഭിക്കുന്നതോടെ കൂടുതൽ സുരക്ഷിതമായ യാത്രാസൗകര്യം ലഭിക്കും. പുതിയ അലൈൻമെന്‍റ് മാർക്കിംഗിന് ശേഷമുള്ള തുടർ നടപടികളും വേഗത്തിലാക്കും.