മോഷ്ടാവിനെ കിട്ടിയിട്ടും വിട്ടയച്ച് പൊലീസ്, വീണ്ടും മോഷണശ്രമം

ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ തുടർച്ചയായ മോഷണശ്രമം; പൊലീസ് ഇടപെടലിൽ ചോദ്യചിഹ്നം
Aluva police releases thief

മോഷ്ടാവിന്‍റെ സിസിടിവി ദൃശ്യം.

MV

Updated on

ആലുവ: മോഷണത്തിനെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ കൈയോടെ പൊലീസിൽ ഏൽപ്പിച്ചിട്ടും കസ്റ്റഡിയിൽ എടുക്കാതെ വിട്ടയച്ചെന്ന് ആരോപണം. ഇതേ മോഷ്ടാവ് വീണ്ടും മോഷണത്തിനെത്തുകയും, വീട്ടുകാർ ഉണർന്നപ്പോൾ ഓടി രക്ഷപെടുകയും ചെയ്തെന്നും പ്രദേശവാസികൾ പറയുന്നു.

ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ ആലുവ റൂറൽ എസ്‌‌പി യുടെ വീടിനു സമീപത്തെ മണപ്പുറം ശിവ ടെംപിൾ റോഡിലുള്ള IXIN ഓഫിസ് കെട്ടിടത്തിൽ മോഷണത്തിനെത്തിയപ്പോഴാണ് ഇയാളെ നാട്ടുകാർ പിടികൂടിയത്.

കമ്പിപ്പാര ഉപയോഗിച്ച് പിൻവാതിലും ജനലുകളും തകർത്താണ് അകത്തു കടന്നത്. വിവരമറിഞ്ഞ അയൽവാസികൾ ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇയാളെ കസ്റ്റഡിയിലെടുക്കാതെ ഓടിച്ചു വിടുകയായിരുന്നു എന്നാണ് ആരോപണം.

തുടർന്ന് പുലർച്ചെ ഏകദേശം 4 മണിയോടെ ഇതേ ആൾ സമീപത്തെ മറ്റൊരു വീട്ടിൽ മോഷണത്തിനെത്തി. വിവരമറിഞ്ഞ് പ്രദേശവാസികൾ എത്തിയതോടെ ഇയാൾ ഇവിടെ നിന്ന് ഓടി രക്ഷപെടുകയായിരുന്നു. മോഷ്ടാവിനെ പിടികൂടിയിട്ടും വിട്ടയച്ച പോലീസിന്‍റെ നടപടി നാട്ടുകാരിൽ പ്രധിഷേധം ഉയർത്തിയിട്ടുണ്ട്. ജനപ്രതിനിധികൾ റൂറൽ എസ്‌‌പിയെ വിവരം ധരിപ്പിച്ചു.

logo
Metro Vaartha
www.metrovaartha.com