അങ്കമാലിയിലെ ഗതാഗതക്കുരുക്ക്: പരിഹാര നിർദേശവുമായി ബസ് ഉടമകൾ

അങ്കമാലി ടൗണിലെ ഗതാഗത സ്തംഭനത്തിന്‍റെ ഉത്ഭവകേന്ദ്രം ഇപ്പോൾ അങ്ങാടിക്കടവ് സിഗ്നൽ ജംഗ്ഷനാണ്
അങ്കമാലിയിലെ ഗതാഗതക്കുരുക്ക്: പരിഹാര നിർദേശവുമായി ബസ് ഉടമകൾ
Angamaly townRepresentative image
Updated on

അങ്കമാലി: അങ്ങാടിക്കടവ് സിഗ്നൽ ജംഗ്ഷനിൽ ഇടതുഭാഗത്തേക്ക് ഫ്രീ ലെഫ്റ്റിന് സൗകര്യമൊരുക്കിയാൽ നഗരത്തിലെ ഗതാഗതക്കുരുക്കിന് അൽപ്പമെങ്കിലും ആശ്വാസം ലഭിക്കുമെന്ന് ബസ് ഉടമകൾ.

അങ്കമാലി ടൗണിലെ ഗതാഗത സ്തംഭനത്തിന്‍റെ ഉത്ഭവകേന്ദ്രം ഇപ്പോൾ അങ്ങാടിക്കടവ് സിഗ്നൽ ജംഗ്ഷനാണ്. എപ്പോഴെങ്കിലും വാഹനങ്ങളുടെ ഒഴുക്കിന് നേരിയ തടസമുണ്ടായാൽപ്പോലും അത് വൻ കുരുക്ക് രൂപപ്പെടാൻ കാരണമാകും.

തൃശൂർ റൂട്ടിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ക്യാമ്പ് ഷെഡ് റോഡിലേക്കുള്ള ഭാഗത്ത് ഫ്രീ ലെഫ്റ്റ് സാധ്യമായാൽ ദേശീയപാതയിൽ നിന്നു ടിബി ജംഗ്ഷൻ ഭാഗത്തേക്കുള്ള നൂറുകണക്കിന് വാഹനങ്ങൾക്ക് കുരുക്കിൽപ്പെടാതെ പോകാൻ കഴിയുമെന്നു മാത്രമല്ല, സിഗ്നൽ കാത്തു കിടക്കുന്ന വാഹനങ്ങളുടെ തിരക്ക് കുറയാനും സഹായിക്കും.

കൂടാതെ കാലടി, പെരുമ്പാവൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് ടൗണിൽ പ്രവേശിക്കാതെ തന്നെ ക്യാമ്പ്ഷെഡ് റോഡ് വഴി പോകാനും കഴിയും. ഇതിനുള്ള സൗകര്യമൊരുക്കണമെന്ന് അങ്കമാലി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് എ.പി. ജിബി, സെക്രട്ടറി ബി.ഒ. ഡേവിസ് എന്നിവർ ആവശ്യപ്പെട്ടു.

അങ്ങാടിക്കടവ് റെയിൽവേ അടിപ്പാത തുറന്നുകൊടുക്കുമ്പോൾ ആ ഭാഗത്തുനിന്നുളള വാഹനങ്ങളുടെ എണ്ണത്തിലും വൻ വർധന ഉണ്ടാകുമെന്നതിനാൽ സിഗ്‌നൽ ലൈറ്റുകളുടെ സമയക്രമത്തിലും മാറ്റം വരുത്തേണ്ടി വരും. ദേശീയപാത നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മീഡിയനു നടുവിൽ പുതിയ ഇരുമ്പുവേലി സ്ഥാപിക്കുന്നതും പഴയത് കേടുപാട് തീർത്ത് അടച്ചു കെട്ടുന്നതും നഗരത്തിൽ ഗതാഗത തടസമുണ്ടാക്കുന്നുണ്ട്.

സാധാരണഗതിയിൽ ഒരു ചെറുപ്രകടനം ഉണ്ടായാൽ പോലും മണിക്കൂറുകൾ കുരുക്കിലാവുന്ന അങ്കമാലി പട്ടണം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് ആവശ്യമായ മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും പോലീസിന്‍റെ ഭാഗത്തുനിന്നും സ്വീകരിച്ചതിനാൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നില്ല. കാലടി ഭാഗത്തുനിന്നും വരുന്ന സ്വകാര്യ ബസ്സുകൾ നഗരത്തിൽ പ്രവേശിക്കാതെ ഓ ലിയൻ കപ്പേള വഴിയാണ് മുൻസിപ്പൽ ബസ്റ്റാൻഡിലേക്കും തിരികെയും സർവീസ് നടത്തിയത്. ടൗണിലെ ഗതാഗതക്കുരുക്ക് കുറയുവാൻ ഒരു പരിധിവരെ ഇത് സഹായകരമായിരുന്നു.

ഗതാഗതസ്തംഭനം ഒഴിവാക്കാൻ ബസ് സ്റ്റോപ്പുകളിലും നടപ്പാതകളിലുമുള്ള വാഹനങ്ങളുടെ പാർക്കിംഗ് ഒഴിവാക്കാനും കർശന നടപടി വേണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com