അങ്കമാലിയിലെ കുരുക്കഴിക്കാൻ ട്രാഫിക് പരിഷ്കാരം
അങ്കമാലി: അഴിക്കുന്തോറും മുറുകുന്ന കുരുക്കാണ് അങ്കമാലിയിലെ ഗതാഗതക്കുരുക്ക്. അങ്കമാലി ടൗൺ കൂടാതെ, ദേശീയപാതയിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ചാലക്കുടി മുതൽ അങ്കമാലി വരെ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക് പതിവാണിപ്പോൾ..
ഇതിനൊരു ശാശ്വത പരിഹാരം കാണാൻ അഭിപ്രായങ്ങളും പരിഹാരനിർദേശങ്ങളും സ്വരൂപിക്കുന്നതിന് വിളിച്ചു ചേർത്ത ട്രാഫിക് റെഗുലേറ്ററി യോഗത്തിലെ തീരുമാനങ്ങൾ ഈ വഴി യാത്ര ചെയ്യുന്നവർക്കു പ്രതീക്ഷ പകരുന്നു. ബസുകൾ മുതൽ ഓട്ടൊ റിക്ഷകൾക്കു വരെ നിയന്ത്രണങ്ങൾ നിർദേശിച്ചിട്ടുണ്ട്.
യോഗത്തിൽ സ്വീകരിച്ച തീരുമാനങ്ങൾ ഇങ്ങനെ:
എല്ലാ പ്രൈവറ്റ് ബസുകളും പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കയറണം.
പുതിയതായി ഓട്ടൊ റിക്ഷ പെർമിറ്റുകൾ അനുവദിക്കില്ല.
ടിബി ജംക്‌ഷൻ റോഡിലെയും ക്യാംപ് ഷെഡ് റോഡിലെയും ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കും.
മഞ്ഞപ്ര ഭാഗത്തേക്കു പോകുന്ന ബസുകൾക്ക് ടിബിയുടെ മുൻവശത്തു മാത്രം സ്റ്റോപ്പ് അനുവദിക്കും.
മഞ്ഞപ്ര, പെരുമ്പാവൂർ ഭാഗത്തു നിന്ന് അങ്കമാലിയിലേക്കു വരുന്ന വാഹനങ്ങൾക്ക് താലൂക്ക് ആശുപത്രിക്കു മുന്നിൽ മാത്രം സ്റ്റോപ്പ്.
പെരുമ്പാവൂർ ഭാഗത്ത് നിന്നു ടിബി റോഡിലേക്കു തിരിയുന്ന ബസുകൾക്ക് പ്രസിഡന്‍റ് ഹോട്ടലിനു മുന്നിൽ മാത്രം സ്റ്റോപ്പ്.
ഓരോ ബസ് സ്റ്റോപ്പുകളിലും ഏതൊക്കെ ബസ് നിർത്തുമെന്നറിയാൻ ബോർഡുകൾ സ്ഥാപിക്കും.
റോഡുകളിൽ ആവശ്യത്തിനു വീതിയുള്ള ഭാഗങ്ങളിൽ പാർക്കിങ്ങിനു വേണ്ടി മാർക്ക് ചെയ്യും.
മാർക്ക് ചെയ്ത ഭാഗങ്ങളിൽ മാത്രം പാർക്കിങ് അനുവദിക്കും.
വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കും.