

അങ്കമാലി സിഗ്നൽ ജംക്ഷൻ.
representative image
അങ്കമാലി: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്‍റെ ഭാഗമായി അങ്കമാലി നഗരസഭ നടപ്പാക്കാൻ ശ്രമിച്ച ട്രാഫിക് പരിഷ്കാരം പാളി. സെപ്റ്റംബർ 17, 18, 19 തീയതികളിൽ നടത്തുന്ന ട്രയൽ റൺ വ്യാഴാഴ്ച രാവിലെ ആരംഭിച്ചിരുന്നു. എന്നാൽ, മൂന്നു ദിവസത്തെ ട്രയൽ റൺ അര ദിവസം പോലും പൂർത്തിയാകും മുൻപേ അനൗദ്യോഗികമായി പിൻവലിക്കാൻ അധികൃതർ നിർബന്ധിതരാകുകയായിരുന്നു.
ഈ ദിവസങ്ങളിൽ ക്യാംപ് ഷെഡ് റോഡിലും ടൗൺ പ്രദേശങ്ങളിലും അനധികൃത കച്ചവടങ്ങളും പാർക്കിങ്ങും കർശനമായി നിരോധിച്ചിരുന്നു. കെഎസ്ആർടിസി ബസുകൾ അടക്കം വഴി തിരിച്ചുവിടുന്നതായിരുന്നു പരിഷ്കാരം. എന്നാൽ, കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിലൂടെയുള്ള റോഡ് വൺവേ ആക്കുന്നതു മുതലുള്ള പരിഷ്കാരങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ സാധിച്ചില്ല.
ആലുവ ഭാഗത്തുനിന്നു വരുന്ന കെഎസ്ആർടിസി ബസുകൾ വലതു വശത്തെ ലെയിനിലൂടെ വന്ന് ബസ് സ്റ്റാൻഡിലേക്കു കയറുന്ന രീതിയിലായിരുന്നു ക്രമീകരണം. എന്നാൽ, ഇതെക്കുറിച്ച് ബസ് ഡ്രൈവർമാർക്ക് കൃത്യമായ മാർഗനിർദേശം ലഭിക്കാത്തതിനാൽ മിക്കവരും പതിവുപോലെ ഇടതു ലെയിനിൽ കൂടി തന്നെ വന്ന് ബസ് സ്റ്റാൻഡിലേക്കു കയറാൻ വലത്തേക്കു തിരിഞ്ഞതോടെ റോഡ് ആകെ തടസപ്പെടുന്ന സ്ഥിയായി.
സ്റ്റാൻഡിനു മുന്നിലൂടെ തൃശൂർ ഭാഗത്തേക്കു പോകുമ്പോഴുള്ള ട്രാഫിക് സിഗ്നലിലും കുരുക്ക് മുറുകി. എതിർ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ ഇവിടം കടന്ന് കോതകുളങ്ങര വഴി യു-ടേൺ എടുക്കണമെന്ന നിർദേശവും പാലിക്കപ്പെട്ടില്ല.
ഇതിനു പുറമേ ഓട്ടോ റിക്ഷകൾ ഒരു നിയന്ത്രണവും പാലിക്കാതെ റോങ് സൈഡ് സർവീസ് തുടരുകയും ചെയ്തതോടെ പരിഷ്കാരം മുഴുവൻ കൈവിട്ടു പോവുകയായിരുന്നു. പരിഷ്കാരം പിൻവലിച്ചതായി അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, രണ്ടാം ദിവസമായ വെള്ളിയാഴ്ച പഴയ രീതിയിൽ തന്നെയാണ് സർവീസ് നടക്കുന്നത്.
1. എൽഎഫ് കോളെജിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക്:
മഞ്ഞപ്ര, കല്ലുപാലം ഭാഗത്തേക്ക് പോകുന്നവർ സെൻട്രൽ ഗേറ്റ് വഴി ഇറങ്ങി ഇടത്തോട്ട് തിരിഞ്ഞ് ഇടമലയാർ കനാൽ റോഡ് വഴി എസ്എൻഡിപി ജംഗ്ഷനിൽ എത്തി പോകണം.
കാലടി ഭാഗത്തേക്ക് പോകേണ്ടവർ സെൻട്രൽ ഗേറ്റ് വഴി തിരിഞ്ഞ് പോകണം.
ആലുവ ഭാഗത്തേക്ക് പോകേണ്ടവർ സെൻട്രൽ ഗേറ്റ് വഴി ഇറങ്ങി ഇടത്തോട്ട് തിരിഞ്ഞ് ഓലിയൻ കപ്പേളയിൽ ചെന്ന് വലത്തോട്ട് തിരിഞ്ഞ് കിഴക്കേപ്പള്ളി വഴി പോകണം.
ചാലക്കുടി, തൃശൂർ ഭാഗത്തേക്ക് പോകേണ്ടവർ സെൻട്രൽ ഗേറ്റ് വഴി ഇടത്തോട്ട് തിരിഞ്ഞ് ഓലിയൻ കപ്പേള ജംഗ്ഷനിൽ ചെന്ന് വലത്തോട്ട് തിരിഞ്ഞ് കിഴക്കേപ്പള്ളി റോഡിൽ കയറി ബൈ റോഡ് വഴി എംസി റോഡിൽ പ്രവേശിക്കണം.
2. തൃശൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക്:
വണ്ടികൾ ക്യാംപ് ഷെഡ് റോഡ് വഴി എൽഎഫ് ജംഗ്ഷനിലെത്തും. അവിടെ നിന്ന് കാലടി ഭാഗത്തേക്ക് പോകേണ്ടവർ ഇടത്തോട്ടും, ആലുവ ഭാഗത്തേക്ക് പോകേണ്ടവർ വലത്തോട്ട് തിരിഞ്ഞ് ടൗൺ ജംഗ്ഷനിൽ എത്തി ഇടത്തോട്ട് തിരിഞ്ഞും പോകണം.
കെഎസ്ആർടിസി ബസുകൾ നിലവിലുള്ള എൻട്രൻസിലൂടെ സ്റ്റാൻഡിൽ പ്രവേശിച്ച് തിരിച്ച് ക്യാംപ് ഷെഡ് റോഡ് വഴി പോകണം.
3. കാലടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക്:
പ്രൈവറ്റ് സ്റ്റാൻഡിൽ നിന്ന് വരുന്ന ബസുകൾ അങ്ങാടിക്കടവ് ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് ക്യാംപ് ഷെഡ് റോഡ് വഴി കാലടി, പെരുമ്പാവൂർ ഭാഗത്തേക്ക് പോകണം.
മറ്റ് വാഹനങ്ങൾ ഓലിയൻ കപ്പേള ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കിഴക്കേപ്പള്ളി വഴി ആലുവയ്ക്കും നേരെയുള്ള വഴിക്കും പോകാം.
4. പീച്ചാനിക്കാട്, അങ്ങാടിക്കടവ് ഭാഗത്തുനിന്ന് വരുന്നവർ:
പുതിയ മാർക്കറ്റ് റോഡ് വഴി ഓറഞ്ച് ബേക്കറിക്ക് സമീപം ഇടത്തോട്ട് തിരിഞ്ഞ് എൻഎച്ചിൽ പ്രവേശിച്ച് തൃശൂരിലേക്കും മഞ്ഞപ്രയിലേക്കും പോകാം.