അങ്കണവാടികള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി പി.രാജീവ്

കൊങ്ങോര്‍പ്പിള്ളി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുനരുദ്ധാരണത്തിന് ഒരു കോടി രൂപ അനുവദിക്കും, പോഷക സമൃദ്ധം പ്രഭാതം പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനം
P Rajeev
P Rajeev

കളമശേരി: കളമശേരി മണ്ഡലത്തിലെ 'അങ്കണവാടികള്‍ക്കൊപ്പം' പദ്ധതിയുടെ ഭാഗമായി അങ്കണവാടികള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. 2023-24 അധ്യയന വര്‍ഷത്തിലെ പോഷകസമൃദ്ധം പ്രഭാതം പദ്ധതിയുടെ കളമശേരി മണ്ഡലതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ 60 അങ്കണവാടികള്‍ ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും ഇതിനായി 95,61,000 രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.

ശിശു സൗഹൃദമായ ക്ലാസ് റൂം, ക്രിയേറ്റീവ് സോണ്‍, ആധുനിക സൗകര്യങ്ങളോടെ കളിക്കാനുള്ള ഇടം, ലൈബ്രറി, വിഷ്വല്‍ സഹായികള്‍, സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച അടുക്കള, ഭക്ഷണം കഴിക്കാന്‍ പ്രത്യേക സ്ഥലം, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം ശൗചാലയങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളാണ് അങ്കണവാടികളില്‍ ഒരുക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബറില്‍ നടത്തും.

കൊങ്ങോര്‍പ്പിള്ളി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ കെട്ടിടത്തിന് മുകളിലായി ഒരു നില കൂടി നിര്‍മ്മിക്കുന്നതിനായി ഒരു കോടി രൂപ അനുവദിക്കും. മണ്ഡലത്തിലെ സ്‌കൂളുകള്‍ക്കായി കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 17 കോടി 54 ലക്ഷത്തിന്റെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ഐ.ടി.ഐ കഴിഞ്ഞ 160 കുടുംബശ്രീ അംഗങ്ങള്‍ക്കും ബികോം കഴിഞ്ഞ തൊഴില്‍രഹിതരായ 57 വീട്ടമ്മമാര്‍ക്കും സ്‌കൈ തൊഴില്‍ പദ്ധതിയുടെ ഭാഗമായി ജോലി ലഭിച്ചു. 'കൃഷിക്കൊപ്പം കളമശ്ശേരി' സമഗ്ര കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'കാര്‍ഷികോത്സവം 2023' ഓഗസ്റ്റ് 20 മുതല്‍ 27 വരെ നടക്കും. 20ന് നടന്‍ മമ്മൂട്ടി മേള ഉദ്ഘാടനം ചെയ്യും. കാര്‍ഷികോത്സവത്തിന്റെ പ്രചാാരണ ജാഥ നടന്നുകൊണ്ടിരിക്കുകയാണെന്നും കക്ഷി രാഷ്ട്രീയത്തിന് അതീതമായി വലിയ മുന്നേറ്റമാണ് കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കൊങ്ങോര്‍പ്പിള്ളി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഹണി ജി അലക്‌സാണ്ടര്‍, ബി.പി.സി.എല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഭയ രാജ് സിംഗ് ഭണ്ഡാരി, ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പുറപ്പള്ളി, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം മനാഫ്, ക്ഷേമകാര്യ വികസന കമ്മിറ്റി ചെയര്‍മാന്‍ സുനി സജീവന്‍, ആരോഗ്യ വിദ്യാഭ്യാസ വികസന കമ്മിറ്റി ചെയര്‍മാന്‍ വിന്‍സന്റ് കാരിക്കശ്ശേരി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ് സുധ, പിടിഎ പ്രസിഡന്റ് എം.എ ജെയിംസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com