

കെസിബിസി മദ്യ- ലഹരി വിരുദ്ധ സമിതി എറണാകുളം - അങ്കമാലി മേജർ അതിരൂപത നടത്തിയ മദ്യവിരുദ്ധഞായർ ആചരണം ഫാ. മാത്യു കോനാട്ടുകുഴി ഉദ്ഘാടനം ചെയ്യുന്നു. ഷൈബി പാപ്പച്ചൻ, റോസി കപ്പിത്താൻപറമ്പിൽ, കെ.എ. പൗലോസ്, ഫാ. എബിൻ പുതുശേരി, ചാക്കോച്ചൻ കരുമത്തി, സി.എച്ച്. സിദ്ധിഖ്, ശോശാമ്മ തോമസ്, സിസ്റ്റർ മരിയൂസ എന്നിവർ സമീപം.
MV
അങ്കമാലി: നഗരസഭാ പരിധിയിൽ മാത്രം നാല് ബാറുകളെങ്കിലുമുള്ള അങ്കമാലിയിൽ കെസിബിസി മദ്യവിരുദ്ധ ഞായർ ആചരിച്ചു. കേരള കത്തോലിക്ക സഭയുടെ മദ്യ-ലഹരി വിരുദ്ധ ഞായർ ആചരണത്തിന്‍റെ ഭാഗമായാണ് എറണാകുളം-അങ്കമാലി മേജർ അതിരൂപത കെസിബിസി മദ്യ- ലഹരി വിരുദ്ധ സമിതിയുടെ രൂപതാതല ആചരണം കറുകുറ്റി സെന്‍റ് സേവ്യഴേസ് ഫൊറോന പള്ളിയിൽ നടത്തിയത്.
മദ്യത്തിനും മയക്കുമരുന്നിനുമെതിരേ ശക്തമായ നിലപാടെടുക്കുന്ന മുന്നണി സ്ഥാനാർഥികളെയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ജനപ്രതിനിധികളായി ഉണ്ടാകേണ്ടതെന്ന് കെസിബിസി മദ്യ- ലഹരി വിരുദ്ധ സമിതി ആവശ്യപ്പെട്ടു. മൂന്ന് മുന്നണികളും അവരുടെ നേതൃത്വവും പാർട്ടി സ്ഥാനാർഥികളും ഇക്കാര്യത്തിൽ അവരുടെ രാഷ്ടീയ നിലപാട് പ്രകടന പത്രികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യം.
ആചരണത്തിന്‍റെ ഭാഗമായി, അതിരൂപതയുടെ കീഴിൽ വരുന്ന ഇടവക പള്ളികളിലും എല്ലാ സഭാ സ്ഥാപനങ്ങളിലും കുർബാനമധ്യേ കേരള കത്തോലിക്കാ സഭയുടെ സർക്കുലർ വായിച്ചു. മദ്യത്തിന്‍റെ ലഭ്യതക്കുറവാണ് മാരക രാസ ലഹരികളുടെ ഉപയോഗം വർധിപ്പിച്ചത് എന്ന പ്രചാരണം തീർത്തും പ്രതിഷേധാർഹവും അപലപനീയവുമാണ്. ഇത് ബാർ മുതലാളിമാരെ സംരക്ഷിക്കാനുള്ള സർക്കാരിന്‍റെ മറ്റൊരു കുടില തന്ത്രമാണെന്നും സമിതി ആരോപിച്ചു.
ഫാ. മാത്യു കോനാട്ടുകുഴി അതിരൂപത തല മദ്യ- ലഹരി വിരുദ്ധ ഞായറാചരണം ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്‍റ് കെ.എ. പൗലോസ് അധ്യക്ഷത വഹിച്ചു. ഫാ. എബിൻ പുതുശേരി മദ്യവിരുദ്ധ ഞായർ ദിന സന്ദേശം നൽകി. എക്സൈസ് റേഞ്ച് ഓഫിസർ സി.എ. സിദ്ധിഖ് ബോധവത്കരണ ക്ലാസ് നയിച്ചു.
പതാക ഉയർത്തൽ, ലഹരി വിരുദ്ധ സന്ദേശം, ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിമോചന ദീപം തെളിയിക്കൽ, ബോധവത്കരണ കലാപരിപാടികൾ, സർക്കുലർ വിതരണം എന്നിവയുണ്ടായിരുന്നു. ഇടവക തലങ്ങളിലെ സമിതി യൂണിറ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മദ്യവിരുദ്ധഞായർ ദിനാചരണം വിവിധ പരിപാടികളോടെ നടത്തി.
സർക്കാരിന്‍റെ തെറ്റായ മദ്യ നയത്തിനെതിരേ പ്രതിഷേധ സമരങ്ങൾക്ക് രൂപം കൊടുക്കാൻ ഈ മാസം 25 ന് വിപുലമായ നേതൃയോഗം കൊച്ചിയിൽ കൂടി ഭാവി സമരപരിപാടികൾക്ക് ആഹ്വാനം നൽകും.