ഒന്നാം ഘട്ട പട്ടയ വിതരണം ഓണത്തിന് മുമ്പ് സംഘടിപ്പിക്കും: ആന്റണി ജോൺ എംഎൽഎ

ഒന്നാം ഘട്ടത്തിൽ ആയിരത്തോളം പട്ടയങ്ങൾ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്
ഒന്നാം ഘട്ട പട്ടയ വിതരണം ഓണത്തിന് മുമ്പ് സംഘടിപ്പിക്കും: ആന്റണി ജോൺ എംഎൽഎ
Updated on

കോതമംഗലം: സ്പെഷ്യൽ ഓഫീസിന്റെ ഭാഗമായുള്ള ഒന്നാംഘട്ട പട്ടയ വിതരണം ഓണത്തിന് മുമ്പ് സംഘടിപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ പട്ടയ അസംബ്ലി കോതമംഗലം മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ്‌ ഹാളില്‍ വച്ച്‌ ആന്റണി ജോണ്‍ എം.എല്‍.എ.യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ഒന്നാം ഘട്ടത്തിൽ ആയിരത്തോളം പട്ടയങ്ങൾ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോതമംഗലം നിയോജക മണ്ഡലത്തിലെ വിവിധ പട്ടയ പ്രശ്നങ്ങളും കഴിഞ്ഞ അസംബ്ലിയുടെ ഭാഗമായുളള പട്ടയ പ്രശ്നങ്ങളുടെ പുരോഗതിയും യോഗം ചര്‍ച്ച ചെയ്തു.

യോഗത്തിൽ തഹസില്‍ദാര്‍ ഗോപകുമാര്‍ എ.എന്‍, കോതമംഗലം നഗരസഭ ചെയര്‍മാന്‍ ടോമി അബ്രഹാം,വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി കെ ചന്ദ്രശേഖരൻ നായർ, ജെസ്സി സാജു, മിനി ഗോപി, സിബി മാത്യു, മാമച്ചൻ ജോസഫ്, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി കുര്യാക്കോസ് , വിവിധ ജനപ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കോതമംഗലം താലൂക്കിൽ 5000 ത്തിലധികം പട്ടയങ്ങൾ നല്‍കുന്നതിനുളള നടപടികളാണ്‌ നടന്നു വരുന്നതെന്ന്‌ എം.എല്‍.എ അറിയിച്ചു.

കോതമംഗലം താലൂക്കിലെ പ്രധാന പട്ടയ പ്രശ്നങ്ങളായ ജണ്ടയ്ക്കു വെളിയിലെ കൈവശം, കല്ലേലിമേട്‌, മണികണ്ഠന്‍ചാല്‍ പ്രദേശങ്ങളിലെ ഹില്‍മെന്‍ സെറ്റില്‍മെന്റ്‌ എന്നിവ പരിഹരിക്കുന്നതിനു വേണ്ടിയാണ്‌ പുതിയ ഭൂമി പതിവ്‌ ഓഫീസ്‌ പ്രവര്‍ത്തിച്ച് വരുന്നതെന്നും ഓരോ സമയത്തും ഉയര്‍ന്നു വരുന്ന പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കണ്ടെത്തുന്നതുമാണെന്ന്‌ എം.എല്‍.എ അറിയിച്ചു. സ്പെഷ്യല്‍ തഹസില്‍ദാര്‍ (ഭൂമിപതിവ്‌) പട്ടയ നടപടികളുടെ പുരോഗതി വിശദീകരിച്ചു. വടാട്ടുപാറ, മാമലകണ്ടം പ്രദേശങ്ങളില്‍ സര്‍വ്വേ നടപടികള്‍ ആരംഭിച്ചിട്ടുള്ളതായും നേര്യമംഗലത്ത്‌ തൊട്ടടുത്ത ദിവസം സര്‍വ്വേ നടപടികള്‍ ആരംഭിക്കുന്നതാണെന്നും സ്പെഷ്യല്‍ തഹസില്‍ദാര്‍ സജീവ്‌ ആര്‍ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com