ഭൂതത്താൻകെട്ട് ടൂറിസത്തിന് പുതിയ ചുവടുവയ്പ്പ്

ഭൂതത്താൻകെട്ട് പാർക്ക് സമഗ്രമായി നവീകരിച്ച് സന്ദർശകർക്കായി വീണ്ടും തുറന്നുനൽകാനും തീരുമാനമായി
bhoothathankettu tourism kothamangalam mla

ഭൂതത്താൻകെട്ട് ടൂറിസം വികസന അവലോകന യോഗത്തിൽ ജില്ലാ കലക്റ്റർ ജി. പ്രിയങ്ക ഐഎഎസ് സംസാരിക്കുന്നു

Updated on

കോതമംഗലം: ഭൂതത്താൻകെട്ടിനെ സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാക്കി വികസിപ്പിക്കുന്നതിന് സമഗ്ര പദ്ധതികൾക്ക് രൂപം നൽകി. കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറത്തിന്‍റെ അധ്യക്ഷതയിൽ ജില്ലാ കലക്റ്റർ ജി. പ്രിയങ്ക ഐഎഎസ് പങ്കെടുത്ത അവലോകന യോഗത്തിലാണ് ടൂറിസം വികസനവുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.

ഓണത്തോടനുബന്ധിച്ച് ഭൂതത്താൻകെട്ടിൽ വിപുലമായ ഓണം ഫെസ്റ്റ് സംഘടിപ്പിക്കും. ഇതിന്‍റെ ഭാഗമായി വർഷങ്ങളായി അടഞ്ഞുകിടക്കുന്ന വാച്ച് ടവർ നവീകരിച്ച് പൊതുജനങ്ങൾക്കായി തുറന്നുനൽകും.

ഭൂതത്താൻകെട്ട് പാർക്ക് സമഗ്രമായി നവീകരിച്ച് സന്ദർശകർക്കായി വീണ്ടും തുറന്നുനൽകാനും തീരുമാനമായി. ഉദ്യാന നവീകരണത്തിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി 15 ലക്ഷം രൂപ അനുവദിച്ചു. ഇതിന്റെ ഭാഗമായി തകർന്നുപോയ വാക് വേ പുനർനിർമിച്ച് നടപ്പാത സംവിധാനം പുനരാരംഭിക്കും.

സന്ദർശകർക്കായി കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ അടിസ്ഥാന സൗകര്യങ്ങൾ ഘട്ടംഘട്ടമായി ഒരുക്കും. സഞ്ചാരികൾക്ക് മികച്ച ഭക്ഷണസൗകര്യം ഉറപ്പാക്കുന്നതിനായി റസ്റ്റോറന്‍റിന്‍റെ നടത്തിപ്പ് സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കാൻ നടപടി സ്വീകരിക്കും. അത് സാധ്യമാകാത്ത പക്ഷം കുടുംബശ്രീയുടെ നേതൃത്വത്തിൽ റസ്റ്റോറന്‍റ് പ്രവർത്തനം ആരംഭിക്കാനും തീരുമാനമായി.

സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ഭൂതത്താൻകെട്ടിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കും. ടൂറിസം സാധ്യതകൾ കൂടുതൽ വിപുലീകരിക്കുന്നതിനായി ബോട്ടിങ്, പെഡൽ ബോട്ടിങ് എന്നിവ ആരംഭിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

കുടുംബസമേതം സന്ദർശിക്കാവുന്ന ആധുനിക വിനോദസഞ്ചാര കേന്ദ്രമാക്കി ഭൂതത്താൻകെട്ടിനെ മാറ്റുന്നതിനും ആഭ്യന്തര-വിദേശ സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നതിനുമുള്ള വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് യോഗം വിലയിരുത്തി.

യോഗത്തിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജെസ്സി സാജു, പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. ജോർജുകുട്ടി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഡിടിപിസി. സെക്രട്ടറി, പെരിയാർവാലി അധികൃതർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

logo
Metro Vaartha
www.metrovaartha.com