ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഭൂതത്താൻകെട്ടിലെത്തുന്ന സഞ്ചാരികൾക്ക് ജലാശയത്തിന്റെയും വനമേഖലയുടെയും ചുറ്റുപാടുകളുടെയും പ്രകൃതിഭംഗി വിശാലമായ കാഴ്ചയിൽ ആസ്വദിക്കാൻ വാച്ച് ടവർ സൗകര്യമൊരുക്കും
bhoothathankettu watch tower opened

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

Updated on

കോതമംഗലം: ഭൂതത്താൻകെട്ടിന്റെ പ്രകൃതിഭംഗി ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം. പത്തുവർഷമായി അടഞ്ഞുകിടന്നിരുന്ന ഭൂതത്താൻകെട്ടിലെ വാച്ച് ടവർ സഞ്ചാരികൾക്കായി തുറന്നുകൊടുത്തു. ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ഭൂതത്താൻകെട്ടിലെത്തുന്ന സഞ്ചാരികൾക്ക് ജലാശയത്തിന്റെയും വനമേഖലയുടെയും ചുറ്റുപാടുകളുടെയും പ്രകൃതിഭംഗി വിശാലമായ കാഴ്ചയിൽ ആസ്വദിക്കാൻ വാച്ച് ടവർ സൗകര്യമൊരുക്കും.

ഭൂതത്താൻകെട്ടിന്റെ വിനോദസഞ്ചാര സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനും സഞ്ചാരികൾക്ക് മികച്ച അനുഭവം ഒരുക്കുന്നതിന്റെയും ഭാഗമായാണ് വർഷങ്ങളായി അടഞ്ഞുകിടന്നിരുന്ന വാച്ച് ടവർ വീണ്ടും തുറന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2014ലാണ് വാച്ച് ടവർ നിർമിച്ചത്. പ്രകൃതിഭംഗി ആസ്വദിക്കുന്നതിനൊപ്പം ഓർമച്ചിത്രങ്ങൾ പകർത്തുന്നതിനായി പിവിഐപി ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ പ്രത്യേക സെൽഫി പോയിന്റും ഇവിടെ സജീകരിച്ചിട്ടുണ്ട്. വാച്ച് ടവറിനോടനുബന്ധിച്ച് ഒരുക്കിയ പുതിയ സൗകര്യങ്ങൾ ഭൂതത്താൻകെട്ടിന്റെ വിനോദസഞ്ചാര ആകർഷണം വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ.

ഐടിപിഎംസിയുടെ നേതൃത്വത്തിൽ നവീകരിക്കുന്ന ഭൂതത്താൻകെട്ടിലെ ട്രീഹൗസും ഹോംസ്റ്റേയും ഉടൻ സഞ്ചാരികൾക്കായി തുറന്നുകൊടുക്കും. താമസസൗകര്യങ്ങൾ കൂടി മെച്ചപ്പെടുന്നതോടെ ഭൂതത്താൻകെട്ടിലെത്തുന്നവർക്ക് കൂടുതൽ സമയം ഇവിടെ ചെലവഴിക്കാനും പ്രകൃതിയോട് ചേർന്നുള്ള വിനോദസഞ്ചാര അനുഭവം ആസ്വദിക്കാനും സാധിക്കും. പുതിയ പദ്ധതികൾ പ്രാദേശിക ടൂറിസ വികസനത്തിന് കൂടുതൽ ഉണർവേകുമെന്നാണ് വിലയിരുത്തൽ. ചടങ്ങിൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ്, റോയ് ഓടക്കൽ, ജെയിംസ് കോറമ്പേൽ, പിവിഐപി എക്സിക്യൂട്ടീവ് എൻജിനീയർ രഞ്ജിത സി.എൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ജോർഡി വി.ജി., മറ്റു പിവിഐപി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാന വിനോദസഞ്ചാര വകുപ്പും എറണാകുളം ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ലാവണ്യം 2026’ ഓണാഘോഷ പരിപാടികൾക്ക് തുടക്കമാകും. കുട്ടമ്പുഴ പന്തപ്ര ഉന്നതിയിൽ ഓഗസ്റ്റ് 25 രാവിലെ 11.30ന് നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. ഓണത്തിന്റെ പാരമ്പര്യവും ഗ്രാമീണ ജീവിതത്തിന്റെ തനിമയും പ്രകൃതിയുടെ സൗന്ദര്യവും സമന്വയിപ്പിച്ച് വിനോദസഞ്ചാര മേഖലയെ കൂടുതൽ സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ലാവണ്യം 2026’ സംഘടിപ്പിക്കുന്നത്. പന്തപ്രയിലെ ഗോത്രവർഗ മേഖലയുടെ പ്രകൃതിഭംഗിയും തനത് സംസ്കാരവും സഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നതിനും പരിപാടി വഴിയൊരുക്കും.

logo
Metro Vaartha
www.metrovaartha.com