"ശ്രീനാരായണ ഗുരു ധീരമായ സത്യം പറഞ്ഞ പ്രവാചകൻ"; ബിനോയ് വിശ്വം

ഭാഷ, വേഷം എന്നിവയിൽ വ്യത്യസ്തനായ സന്യാസിയായിരുന്നു ഗുരുവെന്നും ബിനോയ് വിശ്വം
binoy viswam about sreenarayana guru

കോട്ടയം ശ്രീനാരായ വനിതാ സമാജം ശിവഗിരി തീർഥാടന സന്ദേശ സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു

Updated on

കോട്ടയം: വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമെന്ന ധീരമായ സത്യം പറഞ്ഞ പ്രവാചകനായിരുന്നു ശ്രീനാരായണ ഗുരുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

ഭാഷ, വേഷം എന്നിവയിൽ വ്യത്യസ്തനായ സന്യാസിയായിരുന്നു ഗുരു. ക്ഷേത്രത്തെ ചുറ്റിപറ്റിയല്ല മനുഷ്യ ജീവിത വഴികളെ പ്രകാശമാനമാക്കാനാണ് തീർഥാടനം എന്ന കണ്ടെത്തലാണ് ശിവഗിരി തീർഥാടനത്തിന് അനുമതി നൽകിയതിലൂടെ ഗുരു നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ശ്രീനാരായണ വനിതാ സമാജം ശിവഗിരി തീർഥാടന സന്ദേശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളവും ഇന്ത്യയും ലോകവും ഗുരുവിനെ കണ്ടെത്താനാണ് ശ്രമിക്കേണ്ടത്. വലിയ ദർശനങ്ങള ചുരുങ്ങിയ വാക്കിൽ മനസിലാകുന്ന ഭാഷയിലാണ് സാധാരണക്കാർക്ക് ഗുരു പറഞ്ഞു കൊടുത്തത്. കളവംകോട് കണ്ണാടി പ്രതിഷ്ഠയിലൂടെ തത്വമസി ദർശനമാണ് നടത്തിയത്. ഇന്ന് ചാതുർവണ്യം തിരിച്ചു വരുന്നു. കല്ല് ,മണ്ണ്, കണ്ണാടി എല്ലാം ദൈവമാകുന്നുവെന്ന് ഗുരു പറഞ്ഞതിന് വിരുദ്ധമായി ഇന്ന് ദ്വാരപാലക ശിൽപം വരെ സ്വർണം പൊതിയുകയാണ്. ദൈവത്തിനെന്തിനാണ് സ്വർണം. വിശ്വാസങ്ങളെ വിൽക്കുന്നവരാണ് ഇത് ചെയ്യുന്നത്. ഹിന്ദുമതം ഇടുങ്ങിയ മതമല്ല എന്നാൽ

അതിന്‍റെ വ്യക്താക്കളെന്ന് അവകാശപ്പെടുന്നവർ ബീഫ് പാടില്ല, കരോൾ പാടില്ല എന്നു പറഞ്ഞു കലാപം ഉണ്ടാക്കുന്നു. പണം, ലാഭം എന്നിവ ദൈവത്തിന്‍റെ പുതിയ അവതാരമായി മാറ്റുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

എസ്എൻവി സമാജം പ്രസിഡന്‍റ് അഡ്വ. സി.ജി. സേതുലക്ഷ്മി അധ്യക്ഷത വഹിച്ചു. ഫാക്റ്ററീസ് ആൻഡ് ബോയിലേഴ്സ് ഡയറക്റ്റർ പ്രമോദ് പുഷ്ക്കരൻ മുഖ്യപ്രഭാഷണം നടത്തി. എസ്എൻഡിപി യോഗം കോട്ടയം യൂണിയൻ മുൻ പ്രസിഡന്‍റ് എം. മധു, ഗുരുധർമ പ്രചാരണസഭ കേന്ദ്ര ഉപദേശകസമിതി കൺവീനർ കുറിച്ചി സദൻ, കേരളകൗമുദി പ്രത്യേക ലേഖകൻ വി. ജയകുമാർ, ശ്രീനാരായണ സാംസ്കാരിക സമിതി ജില്ലാ പ്രസിഡന്‍റ് പി.ജി. രാജേന്ദ്ര ബാബു, സമാജം ലീഗൽ അഡ്വൈസർ അഡ്വ. കെ.ആർ. രാജേഷ്, സെക്രട്ടറി കെ.എം ശോഭനാമ്മ, ട്രഷറർ ഡോ. ഗീത പ്രദീപ്, സ്വാതി രതീഷ്, എസ്. ദേവരാജൻ എന്നിവർ പ്രസംഗിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com