

ബ്ലാവന പാലം യാഥാർഥ്യമാകുന്നു; പദ്ധതിരേഖ ഉടൻ സമർപ്പിക്കും
കോതമംഗലം: വർഷങ്ങളായി കാത്തിരുന്ന കല്ലേലിമേട് മേഖലയിലേക്കുള്ള ബ്ലാവന പാലം യാഥാർഥ്യത്തിലേക്ക്. കുട്ടമ്പുഴ പഞ്ചായത്തിലെ കല്ലേലിമേട് ഉൾപ്പെടെ കുഞ്ചിപ്പാറ, തലവച്ചപാറ, വാരിയം, തേരാ തുടങ്ങിയ നാല് ഉന്നതികളിലെ ജനങ്ങളുടെ ദീർഘകാല ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. ഏകദേശം 1500ഓളം പേർ താമസിക്കുന്ന മേഖലയിലേക്കുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിലൂടെ നിർണായക ചുവടുവയ്പ്പാണ് പാലം നിർമാണത്തിലൂടെ സാധ്യമാകുന്നത്.
സർക്കാരിന്‍റെ നിർദേശപ്രകാരം എംഎൽഎ ഷിബു തെക്കുംപുറത്തിന്‍റെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാലത്തിന്‍റെ അലൈൻമെന്‍റ് നിശ്ചയിച്ചു. രണ്ട് വാഹനങ്ങൾക്ക് ഒരേസമയം കടന്നുപോകാൻ കഴിയുന്ന തരത്തിൽ ആറുമീറ്റർ വീതിയിലാണ് പാലം വിഭാവനം ചെയ്തിരിക്കുന്നത്
പാലം നിർമിക്കുന്നതിനാവശ്യമായ വനഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം വിശദമായ പദ്ധതിരേഖ (ഡിപിആർ) തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും.
ഡിപിആർ അംഗീകരിക്കുന്നതടക്കമുള്ള തുടർനടപടികൾ പൂർത്തിയാക്കി പാലം നിർമാണത്തിലേക്ക് കടക്കാനാണ് ലക്ഷ്യമിടുന്നത്. പാലം യാഥാർഥ്യമാകുന്നതോടെ വർഷങ്ങളായി ഗതാഗതപ്രശ്നങ്ങൾ നേരിടുന്ന കല്ലേലിമേട് ഉൾപ്പെടെയുള്ള വനാതിർത്തി മേഖലയിലെ ജനങ്ങൾക്ക് യാത്ര കൂടുതൽ സുഗമമാകും. അടിയന്തര സാഹചര്യങ്ങളിലെ യാത്രയ്ക്കും വിദ്യാർഥികൾ, തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ ദൈനംദിന സഞ്ചാരത്തിനും പാലം വലിയ ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ബ്ലാവനയിൽ പാലം ഉയരുമ്പോൾ, കല്ലേലിമേടിനും സമീപ ഉന്നതികൾക്കും വികസനത്തിലേക്കുള്ള പുതിയ വഴിയാണ് തുറക്കുന്നത്.
കുട്ടംപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മേരി കുര്യാക്കോസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കാന്തി വെള്ളക്കയൻ, ലിസി സൈമൺ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചിഞ്ചു എബ്രഹാം, പഞ്ചായത്ത് മെമ്പർമാരായ ശ്രീജിത്ത് ശിവൻ, റോബിൻ സാബു, കുട്ടംപുഴ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജോഷി പൊട്ടക്കൻ, പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരായ ശാലി അഗസ്റ്റ്യൻ, സാം ഏലിയാസ്, തുടങ്ങിയവർ പങ്കെടുത്തു.