

ശ്രീദേവിയും എൽദോയും
കോതമംഗലം: വോട്ടർ പട്ടിക തീവ്രപരിഷ്കരണവുമായി ബന്ധപ്പെട്ട നടപടികൾ പതിനേഴ് ദിവസം കൊണ്ട് പൂർത്തിയാക്കി മാതൃകയായിരിക്കുകയാണ് കുറുപ്പംപടി തുരുത്തി സ്വദേശി എൽദോ കെ. പോളും, കോതമംഗലം പാലമറ്റം സ്വദേശിനി ശ്രീദേവിയും.
എസ്ഐആർ നടപടികൾ വേഗത്തിൽ നൂറുശതമാനം പൂർത്തിയാക്കുന്ന എറണാകുളം ജില്ലയിലെ ആദ്യ ബിഎൽഒമാർ എന്ന പദവിയാണ് ഇരുവരും നേടിയെടുത്തത്.
പെരുമ്പാവൂർ മണ്ഡലത്തിലെ 76 -ാം നമ്പർ പോളിങ് സ്റ്റേഷനിലെ ബിഎൽഒയാണ് എൽദോ കെ. പോൾ. 808 വോട്ടർമാരുള്ള ബൂത്തിലെ എസ്ഐആർ നടപടികളാണ് എൽദോ അതിവേഗം പൂർത്തിയാക്കിയത്.
2002 ലെ വിവരങ്ങൾ കണ്ടെത്തിയവരുടെ ഫോമുകൾ ആദ്യം പൂർത്തിയാക്കിയത് നടപടികൾ വേഗത്തിലാക്കാൻ സഹായിച്ചുവെന്ന് അദ്ദേഹം പറയുന്നു. സംശയങ്ങൾ വരുന്ന പക്ഷം ഇലക്ഷൻ ഉദ്യോഗസ്ഥരുമായും വില്ലേജ് ഓഫീസുമായും ബന്ധപ്പെടാറുണ്ടായിരുന്നെന്നും ഉദ്യോഗസ്ഥരുടെ യഥാ സമയ സഹകരണം നടപടികൾ പൂർത്തിയാക്കുന്നതിൽ ഏറെ സഹായിച്ചെന്നും എൽദോ പറഞ്ഞു.
കോതമംഗലം മണ്ഡലത്തിലെ 56-ാം നമ്പർ പോളിങ് സ്റ്റേഷനിലെ ബിഎൽഒ ആയ ശ്രീദേവി 17 ദിവസങ്ങൾ കൊണ്ട് പൂർത്തിയാക്കിയത് 995 ഫോമുകളാണ്. ഏരിയ തിരിച്ച് സോർട്ട് ചെയ്താണ് ശ്രീദേവി ഫോമുകൾ വിതരണം ചെയ്തത്. 2002 ലെ വിവരങ്ങൾ കണ്ടെത്തിയവരുടെ ഫോമുകളിലെ ബി, സി കോളങ്ങൾ പൂരിപ്പിച്ച് നൽകിയതിലൂടെ അതിവേഗം നടപടികൾ പൂർത്തിയാക്കാനായെന്ന് ശ്രീദേവി പറഞ്ഞു. രാത്രി വൈകി ആനയിറങ്ങുന്ന പ്രദേശമായതിനാൽ ഈ സമയത്ത് പ്രവർത്തിക്കുന്നതിൽ ചെറിയ തടസം നേരിട്ടിരുന്നുവെന്നും ശ്രീദേവി പറയുന്നു.
ഇരുവരും വിവരങ്ങൾ സൈറ്റിൽ അപ്‌ലോഡ് ചെയ്തിരുന്നത് രാത്രി സമയങ്ങളിലാണ്. ഇതിനായി അർദ്ധരാത്രി തെരഞ്ഞെടുത്തതിലൂടെ ഹൈ സ്പീഡ് ഇന്‍റർനെറ്റ് ഉപയോഗിച്ച് വേഗത്തിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ കഴിഞ്ഞതിനാൽ കുറഞ്ഞ ദിവസത്തിനുളളിൽ എസ്ഐആർ പൂർത്തിയാക്കാൻ സാധിച്ചു എന്നാണ് ഇരുവരുടെയും അഭിപ്രായം.
തുരുത്തി പട്ടം യുപി സ്കൂളിലെ പ്യൂൺ ആണ് എൽദോ. ശ്രീദേവി കോതമംഗലം താലൂക്ക് സപ്ലൈ ഓഫീസിലെ ഓഫീസ് അസിസ്റ്റന്‍റാണ്.