കൗതുകമായി ക്രൈസ്റ്റ് കോളെജിലെ നീലത്തിമിംഗലം

50 വർഷം മുമ്പ് കോളെജിനു ലഭിച്ച നീലത്തിമിംഗലത്തിന്‍റെ അസ്ഥികൂടം ഉൾക്കൊള്ളിച്ചാണ് പുതിയ മാതൃക കോളെജിൽ ഒരുക്കിയിരിക്കുന്നത്
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിൽ സ്ഥാപിച്ചിരിക്കുന്ന നീലത്തിമിംഗലത്തിന്‍റെ മാതൃക.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിൽ സ്ഥാപിച്ചിരിക്കുന്ന നീലത്തിമിംഗലത്തിന്‍റെ മാതൃക.

ഇരിങ്ങാലക്കുട: വിദ്യാർഥികളിലും ഗവേഷകരിലും കൗതുകമുണർത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിലെ നീലത്തിമിംഗല മാതൃക ശ്രദ്ധേയമാകുന്നു. 50 വർഷം മുമ്പ് കോളെജിനു ലഭിച്ച നീലത്തിമിംഗലത്തിന്‍റെ അസ്ഥികൂടം ഉൾക്കൊള്ളിച്ചാണ് പുതിയ മാതൃക കോളെജിൽ ഒരുക്കിയിരിക്കുന്നത്.

1970ലാണ് അന്നത്തെ പ്രിൻസിപ്പലായിരുന്ന പത്മഭൂഷൺ ഫാ. ഗബ്രിയേൽ ചിറമ്മേലിന്‍റെ ശ്രമഫലമായി നീലതിമിംഗലത്തിന്‍റെ യഥാർഥ അസ്ഥികൂടം കോളെജിന് ലഭിച്ചത്. അന്നത്തെ ടാക്സിഡെർമിസ്റ്റായിരുന്ന കെ.കെ. അംബുജാക്ഷൻ ഈ അസ്ഥിപഞ്ജരം ശേഖരിച്ച് കേടുകൂടാതെ കോളെജ് മ്യൂസിയത്തിൽ സൂക്ഷിച്ചു. പിന്നീട് കോളെജിന്‍റെ പുനരുദ്ധാരണ സമയത്ത് ഇത് സമീപത്തുള്ള ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിലേക്ക് മാറ്റിയെങ്കിലും വിദ്യാർഥികൾക്കും ഗവേഷകർക്കും കൂടുതൽ ഉപകാരപ്പെടുന്നതിനായി തിരികെ കോളെജിലേക്കു തന്നെ കൊണ്ടുവരികയായിരുന്നു.

ഏകദേശം 50 അടി നീളമുള്ള നീലത്തിമിംഗല മാതൃകയാണ് കോളെജിൽ ഒരുക്കിയിരിക്കുന്നത്. നീലത്തിമിംഗലത്തിന്‍റെ ആവാസ വ്യവസ്ഥ അതേ രീതിയിൽ പുനഃസൃഷ്ടിച്ചാണ് ഇത് സംരക്ഷിച്ചിരിക്കുന്നത്. നീലത്തിമിംഗലത്തിന്‍റെ പ്രത്യേകതകളും ആവാസ വ്യവസ്ഥകളും ജീവിത രീതിയുമൊക്കെ വിശദീകരിക്കുന്ന ദൃശ്യ-ശ്രാവ്യ സംവിധാനവും ഇതിനോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്.

സുവോളജി ബ്ലോക്കിനോട് ചേർന്ന് ഒരുക്കിയിരിക്കുന്ന ഈ മാതൃക കാണാൻ നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. കോളെജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിലും പ്രിൻസിപ്പൽ ഡോ. ഫാ. ജോളി ആൻഡ്രൂസും ചേർന്ന് തിമിംഗല മാതൃക വിദ്യാർഥികൾക്കായി തുറന്നു കൊടുത്തു.നിരവധി കലാകാരന്മാരുടെ ശ്രമഫലമായി നിർമിക്കപ്പെട്ട ഈ ആവാസ മാതൃക വിജ്ഞാന കുതുകികൾക്ക് ഉപകാര പ്രദമാകുമെന്ന് ഈ സംരംഭത്തിന് ചുക്കാൻ പിടിച്ച കോളെജ് ബർസാർ ഫാ. വിൻസെൻറ് നീലങ്കാവിൽ അഭിപ്രായപ്പെട്ടു. ഇന്നും നാളെയും സമീപത്തെ സ്കൂൾ വിദ്യാർഥികൾക്കായി പ്രത്യേക പ്രദർശനം ഒരുക്കിയിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com