
ഗൂഗിള്‍ മാപ്പ് ചതിച്ചു; കോട്ടയത്ത് ദമ്പതികള്‍ സഞ്ചരിച്ച കാർ തോട്ടില്‍ വീണു!
കോട്ടയം: കുറുപ്പുംതറയില്‍ ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ തോട്ടില്‍ വീണു. കാറില്‍ ഉണ്ടായിരുന്ന ദമ്പതികള്‍ അത്ഭുതകരമായി രക്ഷപെട്ടു. കടുത്തുരുത്തി കുറുപ്പുന്തറ കടവിൽ ബുധനാഴ്ച സംഭവം. ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശികളായ ജോസി ജോസഫ്, ഭാര്യ ഷീബ ജോസ് എന്നിവർ സഞ്ചരിച്ചിരുന്ന കാറാണ് തോട്ടിൽ വീണത്.
ഉടനെ നാട്ടുകാരും സമീപവാസികൾ ഓടിയെത്തി കാറിൽ ഉണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തിറക്കി. പിന്നീട് ക്രയിൻ എത്തിച്ചാണ് വാഹനം വെള്ളക്കെട്ടിൽ നിന്നും പുറത്തെത്തിച്ചത്. ഗൂഗിൾ മാപ്പ് നോക്കി കുറുപ്പന്തറ ഭാഗത്ത് നിന്നും വന്ന വാഹനം വളവ് പിരിയുന്നതിനു പകരം നേരെ കടവിലേക്ക് ഇറക്കുകയായിരുന്നു എന്നും റോഡില്‍ വെള്ളം നിറഞ്ഞിരുന്നതിനാല്‍ റോഡ് വ്യക്തമായി കാണാന്‍ കഴിഞ്ഞില്ലെന്നുമാണ് ജോസി പറഞ്ഞത്. ഈ ഭാഗത്ത് മുൻപും ഇത്തരത്തിൽ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.