വിഷുവരെ കാത്തിരിക്കാൻ വയ്യെന്ന് കൊന്നപ്പൂക്കൾ! കോട്ടയിൽ ശാസ്താക്ഷേത്രത്തിൽ കണിക്കൊന്ന പൂവിട്ടു

അന്തരീക്ഷത്തിലെ ഈ അമിതമായ ചൂട് സസ്യങ്ങളിലെ ഹോർമോണുകളെ ഉത്തേജിപ്പിക്കുകയും പൂവിടാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതായി സസ്യശാസ്ത്രകാരന്മാർ പറയുന്നു
cassia fistula konnappo in Sastha temple in Kota

ചേലാമറ്റം കോട്ടയിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ പൂവിട്ടുനിൽക്കുന്ന കണിക്കൊന്നമരം

Updated on

പെരുമ്പാവൂർ: സാധാരണയായി മീനമാസം പകുതിയോടെ മാത്രം പൂവിട്ടു കാണാറുള്ള കണിക്കൊന്നകൾ ഇത്തവണ വളരെ നേരത്തെ പൂവിട്ടു നിൽക്കുന്ന കാഴ്ചയാണ് പലയിടത്തും കാണാനാവുന്നത്. ചേലാമറ്റം കോട്ടയിൽ ശ്രീധർമശാസ്താക്ഷേത്രത്തിന്‍റെ പിൻവശത്തായി സർപ്പസ്ഥാനത്തോടു ചേർന്നു നിൽക്കുന്ന കണിക്കൊന്ന പൂവിട്ടിട്ട് ഒരാഴ്ചയിലേറെയായി.

മീനച്ചൂടിന്‍റെ കാഠിന്യം കൂടുംമുൻപേ, ഭഗവത്സന്നിധിയിൽ കൊന്നപ്പൂത്തത് ക്ഷേത്രത്തിലെത്തുന്നവർക്ക് കൗതുകക്കാഴ്ചയായി. കൊന്നകൾ ഇങ്ങനെ നേരത്തേ പൂത്തുതുടങ്ങിയാൽ വിഷുവിന് കണിവയ്ക്കാൻ പൂക്കളുണ്ടാകുമോ എന്ന ആശങ്കയും ഇവർ പങ്കുവയ്ക്കുന്നുണ്ട്.

കാലാവസ്ഥയിലെ മാറ്റങ്ങളും മണ്ണിലെ ഈർപ്പത്തിന്റെ വ്യതിയാനവുമാണ് കൊന്നകൾ നേരത്തെ പൂവിടാൻ കാരണമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. കണിക്കൊന്നകൾ സാധാരണയായി പൂക്കുന്നത് വേനൽക്കാലത്തെ കഠിനമായ ചൂടിലാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ തന്നെ ഭൗമതാപനില ഗണ്യമായി ഉയരുന്നുണ്ട്.

അന്തരീക്ഷത്തിലെ ഈ അമിതമായ ചൂട് സസ്യങ്ങളിലെ ഹോർമോണുകളെ ഉത്തേജിപ്പിക്കുകയും പൂവിടാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതായി സസ്യശാസ്ത്രകാരന്മാർ പറയുന്നു. ഫോട്ടോപിരിയഡിസം എന്ന ഭൗമപ്രതിഭാസമാണത്രെ ഇതിനു പിന്നിൽ. സസ്യങ്ങൾ പൂവിടുന്നതിന് ആവശ്യമായ പകൽ വെളിച്ചത്തിന്‍റെ ദൈർഘ്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണം സസ്യങ്ങൾക്ക് ലഭിക്കുന്ന പ്രകാശത്തിന്‍റെ തീവ്രതയിലും കാലയളവിലും മാറ്റം വരുന്നു. ഇത് ചെടികളുടെ 'ബയോളജിക്കൽ ക്ലോക്ക്' തെറ്റാൻ കാരണമാകുന്നു.

മണ്ണിലെ ജലാംശം വല്ലാതെ കുറയുമ്പോൾ സസ്യങ്ങൾ ഒരുക്കുന്ന അതിജീവന തന്ത്രമാണ് കൊന്നകളും ചെയ്യുന്നത്. പ്രകൃതിയുടെ സന്തുലിതാവസ്ഥയുടെ താളം തെറ്റലാണ് കാലത്തിനു മുമ്പേ കൊന്ന പൂക്കുന്നതിന് കാരണമായതെങ്കിലും ക്ഷേത്രത്തിൽ എത്തുന്ന ഭക്തർ സന്തോഷത്തിലാണ്. പൂത്തുവിടർന്നു നിൽക്കുന്ന കണിക്കൊന്നയോടൊപ്പമുള്ള ഫോട്ടോയും വീഡിയോ റീൽസും ചിത്രീകരിച്ചാണ് പലരും മടങ്ങുന്നതെന്ന് ക്ഷേത്രം മേൽശാന്തി കൂവപ്പടി ചെറുകുട്ടമന പി.എസ്. ജയദേവൻ പോറ്റി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com