
ആൽത്തറ ഉൾപ്പെടെ കടപുഴക്കിക്കൊണ്ട് മരം പിഴുതുവീണു കിടക്കുന്നു
ചാലക്കുടി: മുരിങ്ങൂര്‍ ഡിവൈന്‍ നഗര്‍ ഓട്ടൊ റിക്ഷ സ്റ്റാൻഡിനു സമീപത്ത് നിന്നിരുന്ന വലിയ ആല്‍മരം കടപുഴകി റോഡിലേക്ക് വീണു. റോഡരികിലിരുന്ന രണ്ട് സ്‌കൂട്ടറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. സമീപത്തെ അച്ചൂസ് ഹോട്ടലിനു കേടുപാടുകള്‍ സംഭവിച്ചു.
ആറ്റപ്പാടം, അന്നനാട്, കാടുകുറ്റി ഭാഗത്തേക്കുള്ള വാഹന ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. ഫയര്‍ഫോഴ്‌സിന്‍റെയും, നാട്ടുകാരുടെയും നേതൃത്വത്തില്‍ കോരിച്ചൊരിയുന്ന മഴയത്ത് മരം മുറിച്ച് മാറ്റി.
ദേശീയ പാതയിലെ വാഹന ഗതാഗതം കൊരട്ടിയില്‍ നിന്നും പൊങ്ങം ഭാഗത്തു നിന്നും തിരിച്ചു വിട്ടിരുന്ന ബദല്‍ റോഡിലൂടെ വരുന്ന വാഹനങ്ങള്‍ കൂടി വരുന്ന പ്രധാന റോഡാണിപ്പോഴിത്. ഇതു മൂലം ഇതുവഴി വന്നിരുന്ന വാഹനങ്ങളും ഗതാഗതക്കുരുക്കിലായി.
കുറച്ചു നാളുകളായി ആല്‍മരം ചരിഞ്ഞു നില്‍ക്കുകയായിരുന്നു. ആൽത്തറയിൽ വിള്ളലുകൾ കണ്ടതിനെത്തുടർന്ന് ജില്ലാ കലക്റ്റർക്കും ദേശീയപാതാ അധികൃതർക്കും പൊലീസിനും പരാതി നൽകിയിരുന്നതായി പഞ്ചായത്ത് പ്രസിഡന്‍റ് എം.എസ്. സുനിത പറഞ്ഞു. ശിഖരങ്ങൾ വെട്ടി മാറ്റുവാന്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും അതിനു തയാറായില്ല. 2018ലെ മഹാ പ്രളയ കാലത്ത് ദിവസങ്ങളോളം വെള്ളത്തിനടിയിലായിരുന്നിട്ടും ഇളകാതെ നിന്ന മരവും തറയുമാണിത്.