യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! കൊരട്ടി - മുരിങ്ങൂർ ദൂരം താണ്ടാൻ ഗൂഗിൾ മാപ്പിൽ കാണുന്ന സമയം പോരാ

രണ്ടര കിലോമീറ്റർ ദൂരം താണ്ടാൻ ഇരുപത് മിനിറ്റ് മുതൽ മണിക്കൂറുകൾ വരെ എടുക്കുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. അടിപ്പാത നിർമാണം അശാസ്ത്രീയമായി നടത്തുന്നതാണ് കാരണമെന്ന് ആരോപണം

രവി മേലൂർ

ചാലക്കുടി: കൊരട്ടി മുതൽ മുരിങ്ങൂർ വരെ ദേശീയപാതയിലൂടെ കഷ്ടിച്ച് രണ്ടര കിലോമീറ്റർ മാത്രമാണ് ദൂരം. സാധാരണഗതിയിൽ അഞ്ച് മിനിറ്റ് കൊണ്ട് താണ്ടാവുന്ന ഈ ദൂരം ഇപ്പോൾ യാത്രക്കാരുടെ പേടിസ്വപ്നമായി മാറിയിരിക്കുന്നത്. തിരക്ക് കുറവുള്ള സമയത്ത് 20 മിനിറ്റ്, തിരക്കേറിയാൽ ചിലപ്പോൾ മണിക്കൂറുകൾ വരെയെടുക്കും ഇത്രയും ദൂരം കടന്നു പോകാൻ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

മുരിങ്ങൂർ ജംഗ്ഷനിൽ മാസങ്ങളായി തുടരുന്ന അടിപ്പാത നിർമാണമാണ് അഴിയാക്കുരുക്കിനു കാരണം. അശാസ്ത്രീയമല്ലാത്ത രീതിയിലുള്ള പ്രവർത്തനമാണ് ദിവസംതോറും കുരുക്ക് കൂടുതൽ കൂടുതൽ മുറുക്കി യാത്രക്കാരെ ദുരിതത്തിലാക്കുന്നത്.

വേണ്ടത്ര സുരക്ഷയില്ലാത്ത വീതികുറഞ്ഞ സർവീസ് റോഡുകളും, കാനകളുടെ മുകളിൽ ഇട്ടിരിക്കുന്ന ബലമില്ലാത്ത സ്ലാബുകളുമെല്ലാം ഇവിടെ അപകടസാധ്യതയും വർധിപ്പിക്കുകയാണ്.

ടോറസ് പോലുള്ള വലിയ വാഹനങ്ങൾ സ്ലാബിൽ കയറിയിറങ്ങി യാത്ര ചെയ്യുന്നത് ഏതു നിമിഷവും അപായമുണ്ടാകാൻ സാധ്യതയുള്ള വിധത്തിലാണ്. സർവീസ് റോഡിന് ആവശ്യത്തിനു വീതിയില്ലാത്തതു കാരണമാണ് സ്ലാബുകളിൽ വാഹനങ്ങൾ കയറിയിറങ്ങേണ്ടിവരുന്നത്.

ഇതിനിടയിൽ രോഗികളുമായി വരുന്ന ആംബുലൻസുകളുടെ കാര്യമാണ് ഏറ്റവും കഷ്ടം! ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കുറച്ച് ദിവസം മുൻപ് ചാലക്കുടി എംഎൽഎയുടെ നേതൃത്വത്തിൽ ഒരു സമരവും നടന്നിരുന്നു. അതുകൊണ്ടൊന്നും ഒരു പ്രയോജനവുമുണ്ടായില്ലെന്നു മാത്രം.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com