

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
കീരിത്തോട്: ഇടുക്കിയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. പാംബ്ല ഡാമിന് സമീപമുള്ള ചെക്ക്പോസ്റ്റിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സ്ത്രീയുടെ മൃതദേഹമാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. മറ്റെവിടെയെങ്കിലും വച്ച് കത്തിച്ച് മൃതദേഹം ഇവിടെ കൊണ്ടിട്ടതാണോ അതോ ആത്മഹത്യയാണോ എന്ന് പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്.
സമീപ ദിവസങ്ങളിൽ മേഖലയിൽ നിന്നോ സമീപ സ്റ്റേഷൻ പരിധികളിൽ നിന്നോ കാണാതായ ആളുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കും. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.