
നാലാം ക്ലാസിലെ അടിക്ക് തിരിച്ചടി 62-ാം വയസിൽ!! കാസർഗോഡ് അപൂര്‍വ പ്രതികാരം
കാസർഗോഡ്: മലയോര ഗ്രാമമായ വെള്ളരിക്കുണ്ടിലെ പൊലീസ് സ്റ്റേഷനിൽ വളരെ കൗതുകവും അപൂർവവുമായ ഒരു കേസ് കഴിഞ്ഞദിവസം രജിസ്റ്റർ ചെയ്തു. നാലാം ക്ലാസിൽ കിട്ടിയ ഒരു അടിക്ക് പ്രതികാരം 62ാം വയസിൽ തീർത്തുവെന്നാണ് പരാതി. പരാതിക്കരന്‍റെ രണ്ടു പല്ലും പഴയ സഹപാഠികൾ അടിച്ച് തെറിപ്പിച്ചു.
മാലോം വെട്ടകൊമ്പിൽ ബാബുവിന്‍റെ (62) പരാതിയിൽ മാലോം സ്വദേശികളായ ബാലകൃഷ്ണൻ (62), വലിയപ്ലാക്കൽ മാത്യു (61) എന്നിവർക്കെതിരേ കേസെടുത്തു. ഒരാഴ്ച മുൻപ് മാലോം ടൗണിൽവച്ച് ബാലകൃഷ്ണനും ബാബുവും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. നാലാം ക്ലാസിൽവച്ച് തന്നെ അടിച്ചത് മറന്നില്ലെന്നാണ് അന്ന് ബാബു പറഞ്ഞത്. അന്ന് നാട്ടുകാർ ഇടപെട്ട് വാക്കേറ്റം ഒത്തുതീർപ്പാക്കിയിരുന്നു.
എന്നാൽ, തിങ്കളാഴ്ച (June 02) ഉച്ചയ്ക്ക് ടൗണിലെ ജനതരംഗം ഹോട്ടലിനു മുന്നിൽ നിൽക്കുകയായിരുന്ന ബാബുവിനെ, ''നാലാം ക്ലാസിൽ വച്ച് തല്ലിയതെന്തിനാണ്'' എന്നു ചോദിച്ച് ബാലകൃഷ്ണൻ വീണ്ടും ആക്രമിച്ചു. ഇതിനിടയിൽ മാത്യു കല്ലു കൊണ്ട് ബാബുവിന്‍റെ മുഖത്തും പുറത്തും ഇടിക്കുകയായിരുന്നു.
ബാബുവിന്‍റെ രണ്ട് പല്ല് കൊഴിയുകയും പരുക്കേൽക്കുകയും ചെയ്തു. പ്രൈമറി സ്കൂളിൽ വച്ച് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്ന് പ്രതികളിലൊരാളായ ബാലകൃഷ്ണന്‍റ പൊലീസിനു മൊഴി നൽകിയിട്ടുമുണ്ട്.