ടൂറിസം വകുപ്പിനെ വിശ്വസിച്ച് ചീനവല നിര്‍മിച്ച തൊഴിലാളി കടക്കെണിയില്‍

10 ദിവസത്തിനകം പണം തരുമെന്ന് ടൂറിസം വകുപ്പ് അധികൃതര്‍ നല്‍കിയ ഉറപ്പിലാണ് വിന്‍സെന്‍റ് എന്ന മത്സ്യത്തൊഴിലാളി ചീനവല പുനര്‍ നിര്‍മിച്ചത്. എന്നാല്‍, 10 മാസം പിന്നിട്ടിട്ടും പണം കിട്ടിയിട്ടില്ല.
Chinese net in Kochi
Chinese net in KochiRepresentative image
Updated on

മട്ടാഞ്ചേരി: സംസ്ഥാന ടൂറിസം വകുപ്പിന്‍റെ വാക്ക് വിശ്വസിച്ച് ചീനവലയുടെ പൈതൃക സംരക്ഷണത്തിനായി അഞ്ചര ലക്ഷം രൂപ പലിശക്കെടുത്ത് ചീനവല നിര്‍മിച്ച മത്സ്യത്തൊഴിലാളി കടക്കെണിയില്‍.

10 ദിവസത്തിനകം പണം തരുമെന്ന് ടൂറിസം വകുപ്പ് അധികൃതര്‍ നല്‍കിയ ഉറപ്പിലാണ് വിന്‍സെന്‍റ് എന്ന മത്സ്യത്തൊഴിലാളി ചീനവല പുനര്‍ നിര്‍മിച്ചത്. എന്നാല്‍, 10 മാസം പിന്നിട്ടിട്ടും പണം കിട്ടിയിട്ടില്ല.

ജില്ലാ കലക്റ്ററും, സ്ഥലം എംഎല്‍എയും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ജൂണ്‍ മാസം കൊട്ടിയാഘോഷിച്ച് കൊച്ചിയുടെ കൈയൊപ്പായ ചീനവല നവീകരണ പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു. സര്‍ക്കാര്‍ നല്‍കിയ തേക്ക്, തമ്പകം എന്നിവ ഉപയോഗിച്ച്, കൈയില്‍ നിന്നും അഞ്ചര ലക്ഷം രൂപ ടൂറിസം വകുപ്പിന്‍റെ ഉറപ്പില്‍ ചെലവാക്കിയാണ് വിന്‍സെന്‍റ് ചീനവല പൂര്‍ത്തീകരിച്ചത്.

ചെലവ് സംബന്ധിച്ച ബില്ലുകള്‍ നിര്‍മാണ ചുമതലക്കാരായ കിറ്റ് കോ മുഖേന ടൂറിസം വകുപ്പിന് നല്‍കുകയും ചെയ്തു. എന്നാല്‍, ഇതുവരെ വാഗ്ദാനം ചെയ്ത പണം മാത്രം നല്‍കിയിട്ടില്ല.

എംഎല്‍എ കൂടി ഇടപെട്ടതിനാല്‍ അദ്ദേഹത്തോട് പലകുറി പറഞ്ഞിട്ടും ഒരു കുലുക്കവുമില്ലെന്ന് വിന്‍സെന്‍റ് പറഞ്ഞു. പലിശയ്ക്ക് പണമെടുത്താണ് പണി പൂര്‍ത്തിയാക്കിയതെന്നും കടം നല്‍കിയവര്‍ തന്നെ ശല്യപ്പെടുത്തി കൊണ്ടിരിക്കയാണെന്നും വിന്‍സെന്‍റ്.

2014ല്‍ ചീനവല നവീകരണ പദ്ധതി യുഡിഎഫ് സര്‍ക്കാരാണ് ആവിഷ്‌ക്കരിച്ചത്. പിന്നീട് പദ്ധതി നിലച്ചു. പിന്നാലെ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി വീണ്ടും നടപ്പാക്കുകയായിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം ചീനവല ഉടമകള്‍ തേക്കിന്‍ കഴകള്‍ക്ക് പകരം ഇരുമ്പ് പൈപ്പുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ചീനവലകളുടെ പൈതൃക ഭംഗി നഷ്ടപ്പെട്ടു തുടങ്ങി. 2013 ല്‍ കൊച്ചി സന്ദര്‍ശിച്ച ചൈനീസ് അംബാസഡര്‍ ഇത് കണ്ട് ഫോര്‍ട്ടുകൊച്ചി തീരത്തെ മുഴുവന്‍ ചീനവലകളും തനിമ നിലനിർത്തി നവീകരിക്കുന്നതിന് 2 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സഹായം സ്‌നേഹപൂര്‍വം നിരസിക്കുകയായിരുന്നു. പിന്നീടാണ് പുതിയ നവീകരണ പദ്ധതി അന്നത്തെ സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com