ഇലക്‌ട്രിക് ബസ് സർവീസിന് സിയാൽ മാതൃകയിൽ കമ്പനി

150 ഇ-ബസുകൾ കൊച്ചി നഗരത്തിൽ സർവീസിനെത്തും
ഇലക്‌ട്രിക് ബസ് സർവീസിന് സിയാൽ മാതൃകയിൽ കമ്പനി

കൊച്ചി: നഗരത്തിൽ ഇലക്‌ട്രിക് ബസുകൾ ഓടിക്കുന്നതിനായി സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കാൻ കൊച്ചി കോർപ്പറേഷൻ. പ്രധാനമന്ത്രി ഇ- ബസ് സേവയിൽ ഉൾപ്പെടുത്തി കൊച്ചി നഗരത്തിന് ലഭ്യമാക്കുന്ന 150 ബസുകളുടെ നടത്തിപ്പിനായാണ് പുതിയ കമ്പനി രൂപീകരിക്കുന്നത്. ഹരിത ഊർജത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ- ബസ് സേവ വഴി ബസുകൾ ലഭ്യമാക്കുന്നത്. സിയാൽ മാതൃകയിൽ പൊതുസ്വകാര്യ പങ്കാളിത്തതോടെയുള്ള സംവിധാനമാണ് കോർപ്പറേഷൻ പരിഗണനയിലുള്ളത്.

നഗരത്തിൽ മലീനീകരണം പരമാവധി കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് 950 ഓളം ഇലട്രിക്ക് ബസുകൾ കേന്ദ്രം സംസ്ഥാനത്തിന് നൽകുന്നത്. ഇതിൽ 150 എണ്ണമാണ് കൊച്ചി നഗരത്തിന് ലഭിക്കുക. മൂന്നുലക്ഷവും അതിലേറെ ജനസംഖ്യയുമുള്ള നഗരങ്ങൾക്കാണ് പദ്ധതി വഴി ഇ-ബസുകൾ ലഭിക്കുന്നത്. ബസിന്‍റെ ചാർജിങ് സ്റ്റേഷനുകൾ കേന്ദ്രം നൽകും. എന്നാൽ ബസുകൾ പ്രവർത്തിപ്പിക്കുന്ന കിലോമീറ്ററുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനം വരുമാനത്തിന്റെ ഒരു വിഹിതം കേന്ദ്രത്തിന് നൽകേണ്ടി വരും. കേന്ദ്രത്തിന്‍റെ വിഹിതം അടച്ച് മറ്റെല്ലാ ചെലവുകൾക്കും ശേഷം സംസ്ഥാനത്തിന് കിലോമീറ്ററിന് 10 മുതൽ 15 രൂപ വരെ ലാഭം ലഭിക്കുന്ന തരത്തിലാണ് പാക്കേജ് അന്തിമമാക്കിയത്.

2009ൽ ജൻറം പദ്ധതിയിൽ ഉൾപ്പെടുത്തി കൊച്ചി നഗരത്തിൽ സർവീസ് നടത്താൻ 200 എസി ലോ ഫ്ലോർ ബസ്സുകളും നോൺ എസി ബസുകളും ലഭിച്ചിരുന്നു. എന്നാൽ തുടർന്ന് ജൻറം പദ്ധതിയുടെ ലക്ഷ്യം നഗരത്തിൽ നടപ്പിലാക്കാൻ കഴിഞ്ഞതുമില്ല.

ഈ സ്ഥിതി വീണ്ടും ആവർത്തിക്കാതിരിക്കാൻ കൂടിയാണ് 'പ്രധാനമന്ത്രി ഇ- ബസ് സേവ' പദ്ധതിവഴി ലഭിക്കുന്ന ബസുകളുടെ നടത്തിപ്പിനായി കോർപ്പറേഷൻ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപികരികരിക്കുന്നത്. രാജ്യത്തെ നഗരങ്ങളിലുടനീളം 10,000 ഇ-ബസുകൾ വിന്യസിക്കുന്നതിനുള്ള പ്രധാനമന്ത്രി ഇ-ബസ് സേവ പദ്ധതിയ്ക്ക് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ആഗസ്റ്റിലാണ് അംഗീകാരം നൽകിയത്. 57,613 കോടിയാണ് പദ്ധതിക്കായി കേന്ദ്ര സർക്കാർ ചെലവഴിക്കുക.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com