
വിമാനയാത്രക്കാരിയുടെ നഷ്ടപ്പെട്ട ബാഗ് കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥന് അനുമോദന പത്രം
നെടുമ്പാശേരി: വിമാന യാത്രക്കാരിയുടെ നഷ്ടപ്പെട്ട ബാഗ് അന്വേഷണത്തിലൂടെ കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥന് ജില്ലാ പൊലീസ് മേധാവിയുടെ അനുമോദന പത്രം. മികച്ച സേവനത്തിന് എയർപോർട്ട് പൊലീസ് എയ്ഡ് പോസ്റ്റ് ലെയ്സൺ ഓഫിസർ സാബു വർഗീസിനാണ് ജില്ലാ പൊലീസ് മേധാവി എം. ഹേമലത അനുമോദന പത്രം നൽകിയത്.
കോട്ടയം സ്വദേശിനിയുടെ ബാഗ് എയർപോർട്ടിലെവിടെയോ വച്ച് നഷ്ടപ്പെട്ടിരുന്നു. പല സ്ഥലങ്ങളിലും ബന്ധപ്പെട്ടിട്ടും ബാഗ് കിട്ടിയില്ല. ഒടുവിൽ സാബു വർഗീസാണ് അന്വേഷിച്ച് കണ്ടെത്തിയത്.
ഒരേ തരത്തിലുള്ള രണ്ട് ലാപ്ടോപ്പുകൾ എയർപ്പോർട്ടിൽ വച്ച് യാത്രക്കാർ പരസ്പരം മാറിയെടുത്തു കൊണ്ടുപോയെന്ന പരാതി അന്വേഷിച്ച് ലാപ്‌ടോപ്പുകൾ തിരികെ ലഭിക്കുന്നതിന് നടപടിയുണ്ടാക്കിയതും സാബു വർഗീസിന്‍റെ നേതൃത്വത്തിലായിരുന്നു. മാറിയെടുത്ത ലാപ് ടോപ്പുമായി ഒരു യാത്രക്കാരൻ കാനഡയിലെത്തിയിരുന്നു.
1998 ബാച്ച് പൊലീസ് ഉദ്യോഗസ്ഥനായ സാബു രണ്ടര വർഷമായി ലെയ്സൻ ഓഫിസറായി എയ്ഡ് പോസ്റ്റിൽ സേവനമനുഷ്ടിക്കുന്നു