
കോൺഗ്രസിന്‍റെ മൂവർണക്കൊടി സി.ജെ. എൽദോസ് പ്രതിഷ്ഠിച്ചത് സ്വന്തം ഹൃദയത്തിലായിരുന്നു.
55 വർഷത്തിലധികമായി കുട്ടമ്പുഴയിലെ കോൺഗ്രസിന്‍റെ ജനകീയ മുഖമായിരുന്നു സി.ജെ. എൽദോസ്. കുട്ടമ്പുഴയിലെ മലയോര കാർഷിക കുടിയേറ്റ മേഖലയിൽ കോൺഗ്രസ് പ്രസ്ഥാനത്തെ വളർത്തിയ പ്രമുഖ വ്യക്തിത്വം. മുൻ പഞ്ചായത്ത് പ്രസിഡന്‍റ് എന്നതിലുപരി, ദീർഘ കാലം കോൺഗ്രസ് കുട്ടമ്പുഴ മണ്ഡലം പ്രസിഡന്‍റുമായിരുന്നു.
സ്വന്തം ലേഖകൻ
കോതമംഗലം: സിജെ എന്ന വിളിപ്പേരിൽ കുട്ടമ്പുഴ നിവാസികളുടെ ജനകീയനായ മുൻ പഞ്ചായത്ത് പ്രസിഡന്‍റ് സി.ജെ. എൽദോസ് അന്ത്യയാത്രയാകുമ്പോൾ അത് കുട്ടമ്പുഴയ്ക്കു മാത്രമല്ല കോതമംഗലത്തിനാകെ തീരാ നൊമ്പരമാണ്. രാഷ്ട്രീയത്തിനപ്പുറം എല്ലാ വിഭാഗം ജനങ്ങളെയും വലുപ്പച്ചെറുപ്പമില്ലാതെ ചേർത്തു പിടിക്കാൻ കുട്ടമ്പുഴയിലെ കോൺഗ്രസിന്‍റെ ജനകീയ മുഖമായ എൽദോസിനു കഴിഞ്ഞിരുന്നു.
55 വർഷത്തിലധികമായി കുട്ടമ്പുഴയിലെ കോൺഗ്രസിന്‍റെ ജനകീയ മുഖമായിരുന്നു സി.ജെ. എൽദോസ്. കുട്ടമ്പുഴയിലെ മലയോര കാർഷിക കുടിയേറ്റ മേഖലയിൽ കോൺഗ്രസ് പ്രസ്ഥാനത്തെ വളർത്തിയ പ്രമുഖ വ്യക്തിത്വം. മുൻ പഞ്ചായത്ത് പ്രസിഡന്‍റ് എന്നതിലുപരി, ദീർഘ കാലം കോൺഗ്രസ് കുട്ടമ്പുഴ മണ്ഡലം പ്രസിഡന്‍റുമായിരുന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലയിൽ റോഡുകൾ ഉൾപ്പെടെയുള്ള വികസനത്തിനും, അവരുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിച്ച പൊതു പ്രവർത്തകരിൽ മുൻനിരക്കാരൻ.
മേഖലയിലെ ഈറ്റത്തൊഴിലാളികൾക്കിടയിലും, മറ്റു സാധാരണക്കാർക്കിടയിലും കഷ്ടപ്പെട്ടു പ്രവർത്തിച്ച സിജെ, കോൺഗ്രസിന്‍റെ മൂവർണക്കൊടിയെ ഹൃദയത്തിലാണ് പ്രതിഷ്ഠിച്ചിരുന്നത്. 1995ൽ എ.കെ. ആന്‍റണി മന്ത്രിസഭയിൽ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന ജി. കാർത്തികേയനിൽ നിന്നു മാമലക്കണ്ടത്തേക്ക് വൈദ്യുതി എത്തിക്കാൻ ആദ്യമായി ഒടിപി സാങ്ഷൻ (സ്പെഷ്യൽ ഓർഡർ) വാങ്ങിയത് സിജെ ആയിരുന്നു; അതിനു വേണ്ടി ആരും അദ്ദേഹത്തോട് ആവശ്യപ്പെടുകയോ ആരും ചുമതലപ്പെടുത്തുകയോ പോലും ചെയ്തിരുന്നില്ല. പഴയ ആലുവ മൂന്നാർ രാജപാത തുറന്ന് സഞ്ചാര യോഗ്യമാക്കുന്നതിനുള്ള ശ്രമങ്ങളിലും അദ്ദേഹം മുൻനിരയിലുണ്ടായിരുന്നു.
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് സിജെയുടെ വിയോഗം. കോൺഗ്രസിന്‍റെ മുഖപത്രമായ വീക്ഷണത്തിന്‍റെ കവളങ്ങാട് ലേഖകൻ കൂടിയായിരുന്നു ഊഞ്ഞാപ്പാറ ചെങ്ങമനാട്ട് സി.ജെ. എൽദോസ്. 69 വയസായിരുന്നു. കോഴിപ്പിള്ളി മലയിൻകീഴ് ബൈപാസ് റോഡിൽ തിങ്കളാഴ്ചയുണ്ടായ വാഹനാപകടത്തിലാണ് അദ്ദേഹത്തിന് ഗുരുതരമായി പരുക്കേറ്റത്. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അദ്ദേഹം സഞ്ചരിച്ച ബൈക്കിൽ, അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ഇടിച്ചായിരുന്നു അപകടം.
സി.ജെ. എൽദോസ്
കോൺഗ്രസ് കവളങ്ങാട് ബ്ലോക്ക് കമ്മറ്റി വൈസ് പ്രസിഡന്‍റ്, ഐഎൻടിയുസി കോതമംഗലം താലൂക്ക് റീജ്യനൽ കമ്മറ്റി വൈസ് പ്രസിഡന്‍റ്, കർഷക കോൺഗ്രസ് സംസ്ഥാന കമ്മറ്റി അംഗം, സേവാദൾ ജില്ലാ വൈസ് പ്രസിഡന്‍റ്, എന്‍റെ നാട് ഹൈ പവർ കമ്മിറ്റി അംഗം, എൽഐസി ഏജന്‍റ്, ചെങ്ങമനാട്ട് കുടുംബയോഗം സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു വരുകയായിരുന്നു. കുറ്റിയാംചാൽ സെന്‍റ് ജോർജ് സൺഡേ സ്കൂളിലെ അധ്യാപകനും, മുൻ ഹെഡ്മാസ്റ്ററും, ചേലാട് ഡിസ്ട്രിക്റ്റ് മുൻ അസിസ്റ്റന്‍റ് ഇൻസ്പെക്റ്ററും കൂടിയായിരുന്നു.
സംസ്കാര ശുശ്രുഷ വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഊഞ്ഞാപ്പാറയിലെ ഭവനത്തിൽ ആരംഭിച്ച് 11.30ന് കുട്ടമ്പുഴ സെന്‍റ് മേരീസ് ചാപ്പലിൽ പൊതുദർശനവും തുടർന്ന് കുറ്റിയാംചാൽ സീനായ്ക്കുന്ന് സെന്‍റ്. ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ സംസ്കാരവും. ഭാര്യ: മിനി, കുട്ടമ്പുഴ വനിതാ സർവീസ് സഹകരണ സംഘം സെക്രട്ടറി. മക്കൾ: ബേസിൽ, മരിയ. മരുമക്കൾ: മെറിൻ, ജോയൽ.