
ബിജെപി കൗൺസിലറും ഭർത്താവും ഭിന്നശേഷിക്കാരെ മർദിച്ചെന്നു പരാതി
പ്രതീകാത്മക ചിത്രം
സ്വന്തം ലേഖകൻ
ആലുവ: പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് മുനിസിപ്പൽ കൗൺസിലറും ഭർത്താവും മകനും ചേർന്ന്, ഭിന്നശേഷിക്കാരായ പെൺകുട്ടിയെയും മാതാപിതാക്കളെയും മർദിച്ചതായി പരാതി. ആലുവ നഗരസഭയിലെ ബിജെപി കൗൺസിലർ പ്രീതയ്ക്കും ഭർത്താവിനും മകനുമെതിരേയാണ് കീഴ്മാട് സ്വദേശിനി അംബിക പരാതി നൽകിയിരിക്കുന്നത്.
ആലുവ സീനത്ത് തിയേറ്ററിനു സമീപമുള്ള ഹാളിൽ പ്രാർഥനക്കെത്തിയവരുടെ വാഹനത്തിനു തടസമുണ്ടാക്കി കൗൺസിലറുടെ കാർ പാർക്ക് ചെയ്തു എന്നാരോപിച്ചാണ് തർക്കം തുടങ്ങിയത്. ഇതാണ് ഒടുവിൽ അടിപിടിയിൽ കലാശിച്ചത്.
പ്രീതയുടെ മകനുമായി ഉണ്ടായ തർക്കം പിന്നീട് പ്രീതയും ഭർത്താവും ഏറ്റെടുക്കുകയായിരുന്നു. അംബികയെ പ്രീതയും ഭർത്താവും മകനും ചേർന്ന് വണ്ടിയിൽ നിന്ന് വലിച്ചെറിക്കി സ്പാനർകൊണ്ട് അടിച്ച് കൈ ഒടിച്ചതായും, പൊതിരെ തല്ലിയതായും പരാതിയിൽ പറയുന്നു.
തർക്കത്തിനിടെ അംബകയ്ക്കു നേരേ പ്രീതയുടെ ഭർത്താവ് എറിഞ്ഞ കല്ല് പ്രീതയുടെ മകന്‍റെ തലയിൽ തന്നെ കൊണ്ട് പരുക്കേറ്റെന്നും പറയുന്നു. സംഭവത്തിൽ ഇരു കൂട്ടരുടെയും പരാതികളുടെ അടിസ്ഥാനത്തിൽ ആലുവ പോലീസ് കേസെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന്, പ്രീതയുടെയും കുടുംബത്തിന്‍റെയും ഭാഗത്താണു തെറ്റെന്നു പൊലീസ് പ്രാഥമിക നിഗമത്തിലെത്തിയിട്ടുണ്ടെന്നാണ് സൂചന.