

ഇഞ്ചത്തൊട്ടി തൂക്കുപാലത്തിൽ വിനോദസഞ്ചാരികളുടെ തിരക്ക്; വഴിമുട്ടി നാട്ടുകാർ
കോതമംഗലം: ഇഞ്ചത്തൊട്ടി ഗ്രാമവാസികൾക്ക് സഞ്ചാരമാർഗമായി നിർമിച്ച തൂക്കുപാലം ടൂറിസത്തിന് വഴിമാറിയതോടെ വഴിമുട്ടി നാട്ടുകാർ. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് 2012-ലാണ് പെരിയാറിന് കുറുകേ കേരളത്തിലെ ഏറ്റവും വലിയ തൂക്കുപാലം നിർമിച്ചത്. പാലത്തിന്‍റെ ഒരുഭാഗം കുട്ടംപുഴ പഞ്ചായത്തിലും മറുഭാഗം കീരംപാറ പഞ്ചായത്തിലുമാണ്.185 മീറ്റർ നീളത്തിലും ജലാശയത്തിൽനിന്ന് 200 മീറ്റർ ഉയരത്തിലുമാണ് തൂക്കുപാലം നിർമിച്ചിരിക്കുന്നത്. ആദ്യകാലത്ത് നാട്ടുകാർ യാത്ര ചെയ്തിരുന്ന പാലം, സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെയാണ് സഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചത്.
പാലത്തിൽ നിന്നാൽ ദൃശ്യമാകുന്ന നീണ്ടുകിടക്കുന്ന മലനിരകളും പെരിയാറും ചേർന്ന കാഴ്ചകളും കാറ്റുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്ന ഘടകം. ആദ്യകാലത്ത് ഒരേസമയം 40 പേർക്ക് കയറാവുന്ന പാലം ബലക്ഷയം മൂലം 25 പേർക്കായി ചുരുക്കിയിരുന്നു. മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വൈകുന്നേരങ്ങളിലും അവധിദിനത്തിലും പാലവും പരിസരവും സഞ്ചാരികളെക്കൊണ്ട് നിറയും.
ചെറുപ്പക്കാരുടെ സംഘം പാലം ആട്ടുന്നതും ജനബാഹുല്യവും ചിലർ ബൈക്ക് ഓടിച്ചുകയറ്റുന്നതും പാലത്തിന്‍റെ ബലക്ഷയത്തിന് ആക്കംകൂട്ടി. കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്താത്തതിന് പുറമേ ഇത്തരത്തിലുള്ള വീഴ്ചകളുമാണ് പാലത്തിന് കേടുപാടുകളുണ്ടാക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. സഞ്ചാരികളുടെ തിരക്കായതോടെ പാലത്തിലേക്കുള്ള വഴിയുടെ തുടക്കം ടൈൽ വിരിച്ച് മനോഹരമാക്കി. കഴിഞ്ഞ ആഴ്ച ടേക്ക് എ ബ്രേക്ക് പദ്ധതിയിലൂടെ ശൗചാലയവും നിർമിച്ചിട്ടുണ്ട്. പാലത്തിലേക്ക് പോകുന്ന വഴിയിൽ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന നിരവധി കടകളും തലപൊക്കി.