
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലാ ക്യാമ്പസിലെ ചുറ്റുമതില്‍ നിര്‍മ്മാണവും യാത്രാനിയന്ത്രണവും ആയി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള ആശങ്കകള്‍ അകറ്റുമെന്ന് വെള്ളിയാഴ്ച ചേര്‍ന്ന സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. യു.ജി.സിയും എൻഎഎസി ഉള്‍പ്പെടെയുള്ള ഏജന്‍സികളും ക്യാംപസ് സുരക്ഷ വര്‍ധി പ്പിക്കുന്നതുമായി ബന്ധപ്പെട്ടു നല്‍കിയ നിര്‍ദേശങ്ങളും കാമ്പസിലെ വാഹനബാഹുല്യവും സാമൂഹ്യവിരുദ്ധരുടെ ശല്യവും സംബന്ധിച്ച് വിദ്യാര്‍ഥികളുടെ പരാതികളും പരിഗണിച്ചാണ് ചുറ്റുമതില്‍ നിര്‍മാണവും വാഹന നിയന്ത്രണവും വേഗത്തിലാക്കാന്‍ സര്‍വ്വകലാശാല തീരുമാനിച്ചത്.
ഇതുമായി ബന്ധപ്പെട്ട് നിയമ-വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിൻ്റെ അധ്യക്ഷതയില്‍ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, നഗരസഭാ കൗണ്‍സിലര്‍ ജമാല്‍ മണക്കാടന്‍, മുന്‍ നഗരസഭാ കൗണ്‍സിലര്‍ എ.കെ. ബഷീര്‍, സി.പി.എം. നേതാവ് വി.എ. സക്കീര്‍ ഹുസൈന്‍ എന്നിവരും കുസാറ്റ് അധികൃതരും റവന്യൂ ഉദ്യോഗസ്ഥരും യോഗം കൂടിയിരുന്നു. ഈ യോഗത്തിൻ്റെ ശുപാര്‍ശകള്‍ ഒരു മാസം മുന്‍പ് കൂടിയ കുസാറ്റ് സിന്‍ഡിക്കേറ്റ് അംഗീകരിക്കുകയും ഇതനുസരിച്ച് വേണ്ട നടപടികള്‍ ആരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇത് പ്രകാരം റേഷന്‍കട കവലയില്‍ സര്‍വ്വകലാശാലയുടെ പഴയ എഫ് ടൈപ്പ് ക്വാര്‍ട്ടേഴ്‌സിൻ്റെ കിഴക്കുവശത്തുള്ള ഏഴു സെന്റ് സ്ഥലം പൊതുജനങ്ങള്‍ക്ക് ഒത്തുകൂടുന്നതിന് പാര്‍ക്ക് ഉണ്ടാക്കാന്‍ സര്‍വ്വകലാശാലയുടെ ഉടമസ്ഥാവകാശം നിലനിര്‍ത്തി വിട്ടുനല്‍കുകയും ഇവിടെ എംഎല്‍എ ഫണ്ട് ചെലവഴിച്ച് സ്റ്റേജ് അടക്കമുള്ള സൗകര്യങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യും. റേഷന്‍ കട ജംഗ്ഷന്‍ മുതല്‍ പടിഞ്ഞാറോട്ട് പൈപ്പ്‌ലൈന്‍ റോഡ് വരെയും തെക്കോട്ട് കുഞ്ഞാലിമരക്കാര്‍ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ജംഗ്ഷന്‍ വരെയും നിലവിലുള്ള പൈപ്പ്‌ലൈന്‍ റോഡിന് സമാന്തരമായി റോഡ് ഉണ്ടാക്കാന്‍ സര്‍വ്വകലാശാല സ്ഥലം വിട്ടു നല്‍കും. റോഡിനുള്ള സ്ഥലം സര്‍വ്വകലാശാല ഉടമസ്ഥാവകാശം നിലനിര്‍ത്തിക്കൊണ്ട് സാമ്പത്തികബാധ്യത വരാത്ത വിധമായിരിക്കും വിട്ടു നല്‍കുക.
സര്‍വ്വകലാശാലയിലെ ക്യാമ്പസ് സുരക്ഷിതമാക്കുന്നതിൻ്റെ ഭാഗമായി സര്‍വ്വകലാശാല ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും വാഹനങ്ങള്‍ക്ക് സ്റ്റിക്കര്‍ നല്‍കും. കാമ്പസ്സിനുള്ളിലും ഹോസ്റ്റല്‍ കോമ്പൗണ്ടിലും സ്റ്റിക്കര്‍ ഇല്ലാത്ത മറ്റു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. സര്‍വ്വകലാശാല ജിം, സ്റ്റുഡന്റ് അമിനിറ്റി സെന്റര്‍, സ്‌പോര്‍ട്‌സ് അരീന, പാര്‍ക്ക് അടക്കമുള്ള യൂണിവേഴ്സിറ്റി സൗകര്യങ്ങള്‍ ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാത്രമായി പരിമിതപ്പെടുത്തും.
വെള്ളിയാഴ്ച കൂടിയ സിന്‍ഡിക്കേറ്റ് ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിന് ടെണ്ടര്‍ വിളിക്കാന്‍ തീരുമാനിച്ചു. പയ്യപ്പിള്ളി ജങ്ഷനില്‍ യാത്രാക്ലേശം പരിഹരിക്കുന്നതിന് ഉള്ള ജോലികള്‍ ഒരാഴ്ച മുന്‍പ് തീര്‍ത്തിരുന്നു. ദേശീയപാത മുതല്‍ സര്‍വ്വകലാശാല വരെ ഫുട്പാത്ത് നിര്‍മ്മാണവും, കാനകളുടെ നവീകരണവും കൊച്ചി മെട്രോയുടെ സഹകരണത്തോടെ നടന്നു വരികയാണ്. കേസരി വായനശാല ജംഗ്ഷനിലും മണ്ണൊപ്പിള്ളി ഭാഗത്തും ഉള്ള റോഡിന്റെ വളവുകള്‍ നിവര്‍ത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
പൊതുജനങ്ങളുടെ ആശങ്കയെ അര്‍ഹിക്കുന്ന ഗൗരവത്തോടെ തന്നെ പരിഗണിക്കുമെന്നും, മന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗ തീരുമാനങ്ങള്‍ നടപ്പിലാക്കിയ ശേഷം മാത്രമേ യാത്രാനിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയുള്ളൂ എന്നും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. സര്‍വ്വകലാശാലയുടെ ഭാവിവികസനത്തിനും നിലനില്‍പ്പിനും പൊതുജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്ന് സിന്‍ഡിക്കേറ്റ് അഭ്യര്‍ത്ഥിച്ചു.