ദളിത് കുടുംബത്തെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദിച്ചതായി പരാതി

മർദ്ദനത്തിൽ പല്ലുകൾ ഇളകി, അത്തോളി പൊലീസ് കേസെടുത്തു
മർദനത്തിൽ പരിക്കേറ്റ സുനിൽ കുമാറിനെ പട്ടികജാതി/വർഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂർ സന്ദർശിക്കുന്നു. എലത്തൂർ മേഖലാ പ്രസിഡന്‍റ് ശ്രീജിത്ത് കുരുവട്ടൂർ, സുനിൽ കുമാറിന്‍റെ ഭാര്യ പുഷ്പ എന്നിവർ സമീപം.
മർദനത്തിൽ പരിക്കേറ്റ സുനിൽ കുമാറിനെ പട്ടികജാതി/വർഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂർ സന്ദർശിക്കുന്നു. എലത്തൂർ മേഖലാ പ്രസിഡന്‍റ് ശ്രീജിത്ത് കുരുവട്ടൂർ, സുനിൽ കുമാറിന്‍റെ ഭാര്യ പുഷ്പ എന്നിവർ സമീപം.
Updated on

അന്നശ്ശേരി: വീടിന്‍റെ അതിര് കാണിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ട് പുലർച്ചെ വീട്ടിൽ നിന്ന് വിളിച്ചിറക്കിയ പട്ടികജാതിക്കാരനായ ഗൃഹനാഥന് ക്രൂരമർദനം. തടയാൻ ശ്രമിച്ച ഭാര്യയ്ക്കും മർദനമേറ്റു. തലക്കുളത്തൂർ പഞ്ചായത്ത് അന്നശ്ശേരി വേട്ടോട്ടു കുന്നുമ്മൽ കോളനിയിൽ സുനിൽ കുമാറിനും ഭാര്യ കെ.കെ. പുഷ്പയ്ക്കും സമീപത്തുള്ള സ്ഥലത്തിന്‍റെ ഉടമയുടെ മകൻ വൈശാഖിൽനിന്നു മർദനമേറ്റെന്നാണ് പരാതി.

സുനിൽ കുമാറിന്‍റെ വീടിനടുത്തായിട്ടുള്ള വൈശാഖിന്‍റെയും കുടുംബത്തിന്‍റെ ഭൂമിയിൽ വീട് നിർമാണത്തിന്‍റെ ഭാഗമായി വർഷങ്ങൾക്കു മുൻപ് നിർമിച്ച അടിത്തറയിൽ വീട് പണി പുനരാംഭിക്കുന്നതിനു വേണ്ടി സ്ഥലത്തിന്‍റെ അതിര് കാണിച്ചു കൊടുക്കാൻ എന്ന പേരിലാണ് സുനിൽ കുമാറിനെ പുറത്തേക്ക് വിളിച്ച‌ിറക്കിയത്. മർദനത്തിൽ പരുക്കേറ്റ സുനിൽ കുമാറിനെ ജില്ലാ (ബീച്ച്) ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പല്ലുകൾക്ക് ഗുരുതരമായി പരിക്കേറ്റതു കാരണം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് കുടുംബം അത്തോളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. പട്ടികജാതി/വർഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂർ, എലത്തൂർ മേഖലാ കമ്മിറ്റി പ്രസിഡന്‍റ് ശ്രീജിത്ത് കുരുവട്ടൂർ എന്നിവർ കുടുംബത്തിന്‍റെ വസതി സന്ദർശിച്ചു.

സുനിൽ കുമാറിന്‍റെയും കുടുംബത്തിന്‍റെയും ഭാഗത്തു നിന്നു യാതൊരു പ്രകോപനവും മുൻ വൈരാഗ്യവുമില്ലാതെ അക്രമമുണ്ടായത് സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ജാതീയത ഭാഗമായാണെന്ന് സതീഷ് പാറന്നൂർ ആരോപിച്ചു. പ്രതിക്കെതിരെ പട്ടികജാതി/വർഗ അതിക്രമം തടയൽ വകുപ്പ് ഉൾപ്പെടെ ശക്തമായ നിയമ നടപടികൾ സ്വീകരിച്ച് ഉടൻ അറസ്റ്റ് ചെയ്യണമെന്നും സതീഷ്.

Trending

No stories found.

Latest News

No stories found.