പുഴ കടക്കാൻ ഈറ്റപ്പാലം: അഡ്വഞ്ചർ ടൂറിസമല്ല, ഇത് ദുരിതയാത്ര

2018ലെ പ്രളയത്തിൽ തകർന്ന പാലം ഇനിയും പുനർനിർമിച്ചിട്ടില്ല. നാട്ടുകാർ കെട്ടിയ ഈറ്റപ്പാലം അപകടക്കെണി
Dangerous bridge to connect Kallakkudy residents to outside world

നല്ലതണ്ണി പുഴ കടക്കാൻ കള്ളക്കുടി നിവാസികൾ നിർമിച്ച ഈറ്റപ്പാലം.

MV

Updated on

അടിമാലി: ജീവൻ കൈയിൽ പിടിച്ചാണ് കളളക്കുടിക്കാർ ഈറ്റപ്പാലത്തിലൂടെ നല്ലതണ്ണി പുഴ കടക്കുന്നത്. പുതിയ അധ്യയന വർഷം തുടങ്ങിയതോടെ ഇവിടത്തെ കുട്ടികൾക്ക് ചിക്കണംകുടി ഗവ. എൽപി സ്കൂളിലേക്ക് എത്താനുള്ള ഏക മാർഗമാണ് ഈ ഈറ്റപ്പാലം.

കുടിയിലേക്കുള്ള ഏക വഴിയായിരുന്ന പാലം 2018ലെ പ്രളയത്തിൽ തകർന്നതോടെ ഈ പ്രദേശം ഒറ്റപ്പെട്ടു. സുരക്ഷിത യാത്രക്ക് ഒരു പാലം എന്നതാണ് കഴിഞ്ഞ 6 വർഷത്തെ ഇവരുടെ സ്വപ്നം. കാലവർഷക്കാലത്ത് മറുകരയിലേക്ക് കടക്കാൻ വേറെ മാർഗം ഇല്ലാതെ വന്നതോടെയാണ് കുടിയിലുള്ളവർ ചേർന്ന് ഈറ്റപ്പാലം നിർമിച്ചത്.

ഇരുകരകളിലെയും മരത്തിൽ വലിഞ്ഞു കെട്ടിയിരിക്കുന്ന കമ്പി വള്ളിയുടെ ബലത്തിൽ മാത്രം നിൽക്കുന്ന ഈ പാലം ശക്തമായ കാറ്റോ മഴയോ വന്നാൽ അപകടത്തിൽ പെടാനുള്ള സാധ്യതയും കൂടുതലാണ്.

ഈ ദുരിതയാത്രകൾക്ക് അറുതി വരുത്താൻ പാലം നിർമാണത്തിനായി ഇടുക്കി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ അനുവദിച്ചിരുന്നു.

എന്നാൽ, സംസ്ഥാന സർക്കാരിന്‍റെ റീ-ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ പാലം ഉടൻ നിർമിക്കുമെന്ന കാരണം പറഞ്ഞ്, അനുവദിച്ച തുക ചെലവഴിക്കാൻ നിർവഹണ ഏജൻസിയായ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് വിസമ്മതിച്ചു. നാളിതുവരെ യാതൊരു തീരുമാനവും ഉണ്ടാകാത്തതിനെ തുടർന്ന് ശക്തമായ പ്രതിക്ഷേധത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികൾ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com